തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്ത്ഥ്യമാവുമ്പോള് അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ പ്രശംസിച്ച് സ്പീക്കര് എ എന് ഷംസീര്. ഉമ്മന്ചാണ്ടിയുടെ സംഭാവനകളെ ഓർക്കാതെ ഈ ചരിത്രനിമിഷം പൂര്ത്തിയാകില്ലെന്ന് ഷംസീര് ഫേസ്ബുക്കില് കുറിച്ചു. വിഴിഞ്ഞം പോര്ട്ടിന്റെ ട്രയല് റണ് ഉദ്ഘാടനവേളയില് മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്ചാണ്ടിയുടെ പേര് പരാമര്ശിക്കാത്തത് ചര്ച്ചയായിരുന്നു.
'കേരളത്തിന്റെ വികസന ചരിത്രത്തില് ഇന്ന് പുതിയ അധ്യായം ആരംഭിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നാള്വഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ നേതൃത്വം പോര്ട്ടിന്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി. ആദരണീയനായ മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമര്പ്പണവും ഓര്ക്കാതെ ഈ ചരിത്ര നിമിഷം പൂര്ത്തിയാകില്ല' ഷംസീര് ഫേസ്ബുക്കില് കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണരൂപം-
കേരളത്തിന്റെ വികസന ചരിത്രത്തില് ഇന്ന് ഒരു പുതിയ അധ്യായം ആരംഭിച്ചു.
ദീര്ഘകാലത്തെ സ്വപ്നം യാഥാര്ത്ഥ്യമാക്കി വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല് റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിര്വഹിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്ബാനന്ദ സോനോവാള് ചടങ്ങില് മുഖ്യാതിഥിയായി.
ഇതൊരു ചരിത്ര നിമിഷമാണ്.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങള് സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ വാണിജ്യ ബന്ധങ്ങള് വര്ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകും.
വിഴിഞ്ഞം തുറമുഖത്തിന്റെ നാള്വഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നല്കിയ നേതൃത്വം പോര്ട്ടിന്റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി.
ആദരണീയനായ മുന് മുഖ്യമന്ത്രി ശ്രീ. ഉമ്മന് ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമര്പ്പണവും ഓര്ക്കാതെ ഈ ചരിത്ര നിമിഷം പൂര്ത്തിയാകില്ല.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകള് തുറന്നുകാട്ടുന്നു. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന് ഞാന് ഉറച്ചു വിശ്വസിക്കുന്നു.