കൊച്ചി: തൃശ്ശൂര് ലോക്സഭാ മണ്ഡലത്തില് സിപിഐഎം-ബിജെപി അന്തര്ധാരയില്ലെന്ന് സിപിഐ നേതാവ് വി എസ് സുനില്കുമാര്. തൃശൂരില് എല്ഡിഎഫ് രണ്ടാംസ്ഥാനത്ത് എത്തിയതിന് പിന്നില് സിപിഐഎമ്മിന്റെ പതിനായിരക്കണക്കിന് പ്രവര്ത്തകരുടെ കൈകൂടിയുണ്ട്. സിപിഐഎം ആത്മാര്ത്ഥമായി പ്രവര്ത്തിച്ചിട്ടുണ്ടെന്നും സുനില്കുമാര് പറഞ്ഞു. റിപ്പോര്ട്ടര് ടി വി പ്രസ് കോണ്ഫറന്സിലായിരുന്നു പ്രതികരണം.
മണ്ഡലത്തിലെ വോട്ട് ചോര്ച്ച സൂഷ്മമായി പരിശോധിക്കുകയാണ്. താഴെത്തട്ടില് പ്രവര്ത്തിക്കുന്നയാളുകളാണ് ഞങ്ങളെല്ലാം. എന്നിട്ടും എങ്ങനെ തോല്വി സംഭവിച്ചുവെന്നത് ഞെട്ടലുണ്ടാക്കിയിരുന്നു. സിപിഐഎം വേണ്ടവിധത്തില് പ്രവര്ത്തിച്ചില്ലെന്ന അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നും ഇടതുസ്ഥാനാര്ത്ഥിയായിരുന്ന സുനില് കുമാര് പറഞ്ഞു.
അണികളെ പിടിച്ചുനിര്ത്തുന്നതില് സിപിഐഎം ജാഗ്രത പുലര്ത്തിയില്ലായെന്ന തോന്നലുണ്ടോയെന്ന ചോദ്യത്തിന്, തൃശൂരില് മാത്രമായി അത്തരമൊരു വിലയിരുത്തല് നടത്താന് കഴിയില്ലെന്നായിരുന്നു മറുപടി. കണ്ണൂരിലും ആലപ്പുഴയിലും ഉള്പ്പെടെ ഇടത് കേന്ദ്രങ്ങളില് ബിജെപിക്ക് വോട്ട് കിട്ടി. കേവലം ജാഗ്രതയുടെ വിഷയമല്ല. അത്തമൊരു വ്യതിയാനം പരിശോധിക്കണം. സിപിഐഎം - ബിജെപി അന്തര്ധാര തള്ളുന്നുവെന്നും സുനില് കുമാര് കൂട്ടിച്ചേര്ത്തു.
സിപിഐക്ക് രാഷ്ട്രീയപ്രസക്തിയില്ലാത്ത സാഹചര്യം കേരളത്തിലില്ല. തോല്വിയുടെ സാഹചര്യത്തില് വിമര്ശനങ്ങള് സ്വാഭാവികമാണ്. അത് പാര്ട്ടിയെ ശക്തിപ്പെടുത്താനും അപചയം ഇല്ലാതാക്കാനും സഹായിക്കും.കെ മുരളീധരന് തൃശൂരില് യുഡിഎഫിന്റെ മികച്ച സ്ഥാനാര്ത്ഥിയാണ്. എന്നിട്ടും മൂന്നാംസ്ഥാനത്തേക്ക് പോകുമ്പോള് അവരും വോട്ട് ചോര്ച്ച പരിശോധിക്കണമെന്നും സുനില് കുമാര് പറഞ്ഞു.