'ആരെങ്കിലും സഖാവ് വിഎസ്സിന്റെ പേര് പരാമര്ശിക്കും എന്ന് വല്ലാതെ ആശിച്ചു പോയി'; എ സുരേഷ്

'സത്യത്തിനും ആശകള്ക്കും ആഗ്രഹങ്ങള്ക്കും പ്രസക്തിയില്ലാത്ത കെട്ട കാലം'

dot image

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയില് മുന് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്റെ പേര് പരാമര്ശിക്കാത്തതില് ഫേസ്ബുക്ക് പോസ്റ്റുമായി എ സുരേഷ്. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള് അദ്ദേഹത്തിന്റെ പി എ ആയിരുന്നു സുരേഷ്. വിഴിഞ്ഞം ആദ്യ ഘട്ടം യാഥാര്ഥ്യമായെന്നും മദര്ഷിപ്പ് നങ്കൂരമിട്ടെന്നും ഇതില് സന്തോഷമെന്നും പറഞ്ഞാണ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പക്ഷെ ഇതിന് തുടക്കം കുറിച്ച് കൊണ്ട് ആദ്യ കരാറില് ഒപ്പിട്ടതും വിഴിഞ്ഞം ഇന്റര്നാഷണല് സീ പോര്ട്ട് ലിമിറ്റഡ് എന്ന സ്വാതന്ത്ര്യ കമ്പനിക്ക് രൂപം നല്കിയതും ബാങ്കുകളുടെ കണ്സോര്ഷ്യം രൂപീകരിച്ചു തുറമുഖത്തിനായി പണം സ്വരൂപിക്കാന് ശ്രമിക്കുകയും ചെയ്തത് വി എസ്സിന്റെ കാലത്താണ്. അതിനു വേണ്ടി നിരവധി യോഗങ്ങള് വിളിക്കുകയും ചെയ്തു. എന്നാല്, പിന്നീട് ഏതോ കേന്ദ്രത്തില് നിന്നും പാര വന്നതോടെ ആ ശ്രമം പാതി വഴിയില് ഉപേക്ഷിച്ചതായും സുരേഷ് തന്റെ പോസ്റ്റില് പറയുന്നു.

പിന്നീട് ഗൗതം അദാനി ആദ്യമായി നേരിട്ട് വിഴിഞ്ഞം തുറമുഖത്തിനായി ചര്ച്ച നടത്താന് വന്നു ചര്ച്ച നടത്തിയതും ആ കാലത്താണ്. എന്നാല്, ഉദ്ഘാടന വേദിയില് പ്രസംഗിച്ച ആരെങ്കിലും വി എസ്സിന്റെ പേര് പരാമര്ശിക്കും എന്ന് വല്ലാതെ ആശിച്ചു പോയി. സത്യത്തിനും ആശകള്ക്കും ആഗ്രഹങ്ങള്ക്കും പ്രസക്തിയില്ലാത്ത കെട്ട കാലം എന്ന് പറഞ്ഞ് സുരേഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുകയാണ്. ചരിത്രമാകുന്ന വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തിയ മദര്ഷിപ്പ് സാന് ഫെര്ണാന്ഡോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സര്വാനന്ത സോനോവാളും ചേര്ന്നാണ് സ്വീകരണം നല്കിയത്. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്ക്കും മന്ത്രിമാര് ഉപഹാരം നല്കി.

ആദ്യ മദര്ഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. വിഴിഞ്ഞം ഇടവക വികാരി മോന്സിഞ്ഞോര് നിക്കോളാസ് ചടങ്ങില് പങ്കാളിയായി. പരിപാടിയിലേക്കുള്ള ക്ഷണം ലത്തീന് അതിരൂപത ആര്ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സോനോവാളിനും പുറമെ അദാനി പോര്ട്സ് സിഇഒ കരണ് അദാനിയും ചടങ്ങിനെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞത്തിന്റെ വിജയമെന്ന് ചീഫ് സെക്രട്ടറി വി വേണു ചടങ്ങില് പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത് ഇ കെ നായനാര് മന്ത്രിസഭയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന് വാസവന് പറഞ്ഞു. പ്രതിഷേധത്തെ തുടര്ന്നാണ് ഉമ്മന് ചാണ്ടി സര്ക്കാര് അദാനിയുമായി കരാര് ഒപ്പുവെച്ചത്. പ്രദേശ വാസികള് ഉന്നയിച്ച പ്രശ്നങ്ങള് പരിഹരിക്കും. പറഞ്ഞ വാക്ക് പാലിക്കുമെന്നും ഒന്നും രണ്ടും പിണറായി സര്ക്കാറിന്റെ ഇച്ഛാശക്തി കൊണ്ടാണ് തുറമുഖം പൂര്ത്തിയായതെന്നും വി എന് വാസവന് പറഞ്ഞു.

ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില് വിമര്ശനമുയര്ന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്ചാണ്ടിയുടെ പേര് നല്കണമെന്നാണ് കോണ്ഗ്രസിന്റെ ആവശ്യം. എന്നാല് വിഴിഞ്ഞം ട്രയല് റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കില്ല. സ്ഥലം എംഎല്എ എന് വിന്സന്റ് ചടങ്ങില് പങ്കെടുക്കുന്നുണ്ട്. ചൈനയിലെ ഷിയാമിന് തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലില് 2000ലധികം കണ്ടെയ്നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്നറുകള് ബെര്ത്തിലേക്ക് ഇറക്കി കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ സാന് ഫെര്ണാന്ഡോ യൂറോപ്പിലേക്ക് തിരിക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത.

കപ്പല് പുറപ്പെട്ടു കഴിഞ്ഞാല് മാരിന് അസൂര്, സീസ്പാന് സാന്ഡോസ് എന്നിങ്ങനെ രണ്ട് ഫീഡര് വെസലുകള് വിഴിഞ്ഞതെത്തും. രണ്ടുമാസം ട്രയല്റണ് തുടരുമെന്നും സെപ്തംബറോടെ തുറമുഖം കമ്മീഷന് ചെയ്യാന് സാധിക്കുമെന്നുമാണ് സര്ക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും പ്രതികരണം. കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് ഇന്നലെ വിജയകരമായ ട്രയല് റണ് നടന്നിരുന്നു. ഇതോടെ വിഴിഞ്ഞം തുറമുഖം ലോകത്തെ ചരക്ക് നീക്കങ്ങളുടെ ഭൂപടത്തില് പ്രാധാന്യത്തോടെ അടയാളപ്പെടുത്തപ്പെട്ടു. ചൈനയില് നിന്നുള്ള സാന് ഫെര്ണാന്ഡോ തീരം തൊട്ടതോടെയാണ് വിഴിഞ്ഞം കേരളത്തിന്റെയും രാജ്യത്തിന്റെയും സ്വപ്നതീരമായത്. രാജ്യത്തെ ആദ്യ ട്രാന്സ്ഷിപ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞത്തെത്തുന്ന മദര്ഷിപ്പുകളില് നിന്ന് മറ്റ് ചെറു കപ്പലുകളിലേയ്ക്ക് ചരക്കുനീക്കം നടത്താന് കഴിയുന്ന തുറമുഖങ്ങളാണ് ട്രാന്സ്ഷിപ്മെന്റ് തുറമുഖമായി അറിയപ്പെടുന്നത്. ഭൂമിശാസ്ത്രപരമായി വിഴിഞ്ഞത്തിനുള്ള പ്രാധാന്യം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറാനുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വിഴിഞ്ഞം വഴിയുള്ള ചരക്ക് നീക്കത്തിന് കൂടുതല് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്.

7700 കോടി രൂപയുടെ പദ്ധതിയായാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. മൂന്നുമാസക്കാലം ഈ വിധം ട്രയല്റണ് തുടരും. ജൂലൈയില് തന്നെ മെഡിറ്ററേനിയന് ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്ന് അദാനി പോര്ട്സ് അറിയിച്ചു. പ്രകൃതി ഒരുക്കിയ സ്വഭാവികമായ അനുകൂല ഘടകങ്ങളാണ് വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്താരാഷ്ട്ര കപ്പല്പ്പാതയില് നിന്നും 10 നോട്ടിക്കല് മൈല് മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം. കിലോമീറ്റര് ദൂരം കണക്കാക്കിയാല് ഏതാണ്ട് 19 കിലോമീറ്റര് മാത്രം ദൂരം. ഡ്രെഡ്ജിങ് നടത്താതെ തന്നെ ഏതാണ്ട് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ള ഇന്ത്യയിലെ ഏകതുറമുഖവും വിഴിഞ്ഞമാണ്. ഈ സ്വഭാവികമായ സാധ്യത ഉപയോഗിച്ച് കൂറ്റന് കപ്പലുകള്ക്ക് ഇവിടെ അടുക്കാന് സാധിക്കും. ഏതാണ്ട് 24,000 ടിഇയുവിനു മുകളില് ഭാരം കയറ്റാവുന്ന കപ്പലുകള്ക്ക് വിഴിഞ്ഞം തീരത്ത് അടുക്കാനാവും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us