തിരുവനന്തപുരം: ചരിത്രമാകുന്ന വിഴിഞ്ഞം പോർട്ടിന്റെ ക്രെഡിറ്റിൻ്റെ പേരിൽ സ്ഥലത്ത് ഫ്ലക്സ് യുദ്ധം. പിണറായി വിജയന്റെയും ഉമ്മൻചാണ്ടിയുടെയും ഫ്ലക്സുകളാണ് ഇവിടെ ഉയർന്നിരിക്കുന്നത്. പദ്ധതി തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചാണ് ഇടത്, വലത് മുന്നണികളുടെ ഫ്ലക്സുകൾ ഉയർന്നത്. വിജയവഴി വിഴിഞ്ഞം എന്നാണ് സിപിഐഎം ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്. എന്നാൽ ഉമ്മൻചാണ്ടിയെ മറക്കരുത് എന്ന് കോൺഗ്രസ് ഫ്ലക്സിലൂടെ തിരിച്ചടിച്ചു. എന്തായാലും ഫ്ലക്സ് യുദ്ധത്തിൽ ബിജെപി ഇല്ല.
വിഴിഞ്ഞം പദ്ധതിയുടെ അവകാശം ഉന്നയിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ ഉയർന്നതോടെ ഈ പ്രദേശത്തെ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാനോ നടക്കാനോ ഉള്ള സ്ഥലം പോലും ഇല്ലാതായി വീർപ്പുമുട്ടുകയാണ്. പദ്ധതി പ്രദേശത്തിന്റെ മുന്നിൽ പോലും പണി പൂർത്തിയായിട്ടില്ല. കണ്ടെയ്നർ കൊണ്ടുപോകാനുള്ള റോഡ് ഇടുങ്ങിയതാണ്. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഒരു കിലോമീറ്റർ പൂർത്തിയായാൽ നാലുവരി പാതയിൽ എത്താം. വിഴിഞ്ഞം പോർട്ടിനോട് പ്രദേശവാസികൾക്ക് സമ്മിശ്ര പ്രതികരണമാണ്. ഒരു ഗുണവും നമുക്കില്ലെന്ന് ഒരു വിഭാഗവും വികസനം വരേണ്ടത് തന്നെയെന്ന് മറ്റൊരു വിഭാഗവും പറയുന്നു.
അതേസമയം വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ചേർന്ന് ഇന്ന് സ്വീകരിക്കും. തുറമുഖത്തിലെ യാർഡിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ഇന്നലെ എത്തിയ സാൻ ഫെർണാണ്ടൊ എന്ന കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കിതുടങ്ങിയിരുന്നു. കപ്പൽ ഇന്നലെ എത്തിയെങ്കിലും ഇന്നാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് കപ്പലിനെ സ്വീകരിക്കും. അദാനി പോർട്സ് സിഇഒ കരൺ അദാനിയും ചടങ്ങിനെത്തും.
എന്നാൽ ഇന്നത്തെ സ്വീകരണ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. വിഴിഞ്ഞം ട്രയൽ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കില്ല. സ്ഥലം എംഎൽഎ എൻ വിൻസൻ്റ് ചടങ്ങിൽ പങ്കെടുക്കും.
ആദ്യ കപ്പലിലെ ക്യാപ്റ്റന് മുഖ്യമന്ത്രി ഉപഹാരം നൽകും. ചൈനയിലെ ഷിയാമിൻ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലിൽ 2000ലധികം കണ്ടെയ്നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്നറുകൾ ബെർത്തിലേക്ക് ഇറക്കി കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ സാൻ ഫെർണാൻഡോ യൂറോപ്പിലേക്ക് തിരിക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത.