ആദ്യമായി 'ചിക്കൻ ബിരിയാണി' വിളമ്പി; വർഷങ്ങളുടെ 'വെജിറ്റേറിയൻ' ബന്ധം അവസാനിപ്പിച്ച് കലാമണ്ഡലം

മാംസാഹാരം മെനുവിൽ ഉൾപ്പെടുത്തണമെന്നതും വിദ്യാർത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു

dot image

തൃശൂർ: വർഷങ്ങളുടെ 'വെജിറ്റേറിയൻ' ശീലം അവസാനിപ്പിച്ച് കേരള കലാമണ്ഡലത്തിൽ ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലായിരിക്കുന്നത്.

1930ൽ കലാമണ്ഡലം സ്ഥാപിക്കപ്പെട്ടതുമുതൽക്കെ വെജിറ്റേറിയൻ ഭക്ഷണമാണ് ക്യാന്റീനിൽ വിളമ്പിയിരുന്നത്. കാലത്തിനനുസരിച്ച് കലാമണ്ഡലവും മാറണം എന്നതും മാംസാഹാരം മെനുവിൽ ഉൾപ്പെടുത്തണമെന്നതും വിദ്യാർത്ഥികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു. ഇതാണ് കഴിഞ്ഞ ബുധനാഴ്ച ദിവസം കാന്റീനിൽ ചിക്കൻ ബിരിയാണി വിളമ്പിയതോടെ യാഥാർഥ്യമായത്. കലാമണ്ഡലത്തിൽ മാംസാഹാരം വിളമ്പാൻ പാടില്ലെന്ന് എഴുതപ്പെട്ട നിയമം ഇല്ലെങ്കിലും നീണ്ട കാലം അവ നിരോധിച്ച അവസ്ഥയായിരുന്നു.

എന്നാൽ മാംസാഹാരം ഉൾപ്പെടുത്തിയതിനെതിരെ ചില അധ്യാപകർക്ക് അതൃപ്തി ഉള്ളതായും സൂചനകളുണ്ട്. വിദ്യാർത്ഥികൾ ഉഴിച്ചിലും പിഴിച്ചിലും പോലുള്ള ചികിത്സാ രീതികളിലൂടെ കടന്നുപോകേണ്ടതിനാൽ മാംസാഹാരം ശരീരത്തിന് അനുയോജ്യമല്ല എന്ന വാദം ഒരു വിഭാഗം അധ്യാപകർ ഉയർത്തുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും എന്നാൽ അത് ക്യാമ്പസിന് പുറത്തുവെച്ചാകാമെന്നും അധ്യാപകർ അഭിപ്രായപ്പെടുന്നു.

അതേസമയം, ക്യാന്റീനിൽ മാംസാഹാരം ഉണ്ടാക്കിത്തുടങ്ങിയിട്ടില്ല. നിരവധി വിദ്യാർത്ഥികൾ പുറത്തുനിന്ന് മാംസാഹാരം ഓർഡർ ചെയ്യുന്നത് കണ്ട കലാമണ്ഡലം അധികാരികൾ ക്യാമ്പസിനുള്ളിൽ അവ വിളമ്പാൻ അനുവദിക്കുകയായിരുന്നു. തൃശ്ശൂരിലെ വിയ്യൂർ ജയിലിൽനിന്നുള്ള ചിക്കൻ ബിരിയാണിയാണ് വിളമ്പിയത്. എല്ലാ ബുധനാഴ്ചകളിലും ഇത്തരത്തിൽ മാംസാഹാരം നൽകാനും തീരുമാനമായിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us