കൊച്ചി: തൃശ്ശൂര് മേയര് എം കെ വര്ഗ്ഗീസിനെ തള്ളി സിപിഐ നേതാവ് വി എസ് സുനില് കുമാര്. തിരഞ്ഞെടുപ്പ് ഘട്ടത്തില് ഉള്പ്പെടെ വഞ്ചനാപരമായ നിലപാടാണ് എം കെ വര്ഗ്ഗീസ് സ്വീകരിച്ചതെന്നും ചോറ് ഇവിടെയും കൂറ് അവിടെയും എന്ന നിലയ്ക്കാണ് പ്രവര്ത്തനം എന്നും വി എസ് സുനില് കുമാര് പറഞ്ഞു. റിപ്പോര്ട്ടര് ടി വി പ്രസ് കോണ്ഫറന്സിലായിരുന്നു പ്രതികരണം. എല്ഡിഎഫിന്റെ മേയര് ആയിരുന്നുകൊണ്ട് ബിജെപിയെയും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെയും പ്രശംസിക്കുന്ന രീതിയോടുള്ള പ്രതികരണം തേടിയപ്പോഴാണ് സുനില് കുമാര് അതൃപ്തി പരസ്യമാക്കിയത്. അതേസമയം, ജില്ലയില് നിന്ന് വിജയിച്ച് കേന്ദ്രമന്ത്രിയായയാളെ മേയര് സ്വീകരിക്കുന്നതും നല്ലവാക്ക് പറയുന്നതും ആതിഥ്യമര്യാദയുടെ ഭാഗമായി തന്നെ കാണണം. അങ്ങനെ കാണുന്നത് പ്രയാസമുള്ള കാര്യമല്ലെന്നും സുനില് കുമാര് പറഞ്ഞു.
'ശക്തമായി ഇടതുപക്ഷ രാഷ്ട്രീയം ഉയര്ത്തികാട്ടുന്നയാളാണെന്നാണ് മേയര് അവകാശപ്പെടുന്നത്. എന്നാല് തിരഞ്ഞെടുപ്പ് സമയത്ത് എല്ഡിഎഫ് സ്ഥാനാര്ത്ഥിക്ക് വേണ്ടി പ്രവര്ത്തിക്കാന് തയ്യാറാവണമായിരുന്നു അദ്ദേഹം. മറിച്ച് എന്ഡിഎ സ്ഥാനാര്ത്ഥിയുടെ മഹിമയെക്കുറിച്ചും വികസനതാല്പര്യങ്ങളെക്കുറിച്ചും പറയുകയാണുണ്ടായത്. അവയെല്ലാം വസ്തുതാപരമായി തെറ്റാണെന്ന് മാത്രമല്ല, ഗുണം ചെയ്യുന്നത് എന്ഡിഎ സ്ഥാനാര്ത്ഥിക്കാണെന്ന് അറിയാമായിരുന്നു. ഇത് വഞ്ചനാപരമായ നിലപാടാണ്. പൂര്ണ്ണമായും കോര്പ്പറേഷന് അകത്തുവരുന്ന മണ്ഡലമാണ് തൃശ്ശൂര്. 1200 കോടിയുടെ വികസന പ്രവര്ത്തനങ്ങള് താന് എംഎല്എയായിരുന്ന കാലഘട്ടത്തിലാണ് അവിടെ നടപ്പിലാക്കിയത്. ചോര് ഇവിടെയും കൂറ് അവിടെയും എന്ന നിലയ്ക്ക് പ്രവര്ത്തിക്കുമ്പോള് അതിനെ പിന്തുണയ്ക്കാന് കഴിയില്ല.' സുനില് കുമാര് പറഞ്ഞു.
എല്ഡിഎഫിനെ സംബന്ധിച്ച് എം കെ വര്ഗ്ഗീസിന്റെ മേയര് സ്ഥാനം പല പ്രതിസന്ധികളും സൃഷ്ടിക്കുകയാണെന്നും സുനില് കുമാര് കൂട്ടിച്ചേര്ത്തു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം നിര്വ്വഹിച്ചുകൊണ്ടല്ല അദ്ദേഹം പ്രവര്ത്തിക്കുന്നത്. അംഗീകരിച്ചുകൊടുക്കാന് കഴിയില്ല. തിരഞ്ഞെടുപ്പ് തോല്വിയില് മേയറുടെ പ്രവര്ത്തനവും ഒരു ഘടകമാണെന്നും സുനില് കുമാര് പറഞ്ഞു.
തൃശ്ശൂരില് സിപിഐഎം ആത്മാര്ത്ഥമായി പ്രവര്ത്തിച്ചു, വോട്ട് ചോര്ച്ച പരിശോധിക്കും: സുനില്കുമാര്