കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം നൽകി പൊലീസ്. പ്രതിക്കെതിരെ ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവതിയുടെ ഭർത്താവ് രാഹുല് പി ഗോപാലൽ അടക്കം അഞ്ച് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊലപാതക ശ്രമം, സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
നേരത്തെ എഫ്ഐആര് റദ്ദാക്കരുതെന്ന് ഫറോക്ക് പൊലീസ് ഹൈക്കോടതിയില് ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് രാഹുല് പി ഗോപാലിന്റെ ഹര്ജിയിലാണ് പൊലീസ് ഇക്കാര്യം ആവശ്യപ്പെട്ടത്. യുവതിയുമായുള്ള പരാതി ഒത്തുതീര്പ്പായെന്നും ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണയാണെന്നുമായിരുന്നു ഹൈക്കോടതിയിൽ രാഹുൽ അറിയിച്ചത്.
യുവതിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പൊലീസ് ഇടപെടല് മൂലം ഒരുമിച്ച് ജീവിക്കാനായില്ലെന്നും ഹര്ജിയില് പറഞ്ഞിരുന്നു. രാഹുലുമായുള്ള തര്ക്കം പരിഹരിച്ചെന്നാണ് യുവതിയുടെ സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. ഭര്ത്താവുമായി ഒരുമിച്ച് ജീവിക്കാന് തീരുമാനിച്ചു. പരാതി തുടരുന്നില്ല. മൊഴി നല്കേണ്ടി വന്നത് ബന്ധുക്കളുടെ അധികാര സ്വാധീനം മൂലമാണെന്നും യുവതി സത്യവാങ്മൂലത്തില് പറഞ്ഞിരുന്നു.
പറവൂര് സ്വദേശിനിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് ദിവസത്തിനുള്ളിൽ കോഴിക്കോട് പന്തീരാങ്കാവിലെ ഭര്തൃവീട്ടില് ക്രൂരമായ ഗാര്ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും പിന്നീട് തിരുത്തിപ്പറഞ്ഞതും. സംഭവത്തില് പന്തീരാങ്കാവ് സ്റ്റേഷനില് പരാതി നല്കിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തുടര്ന്ന് സംഭവത്തില് പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്ശനം രൂക്ഷമായതോടെയാണ് കേസില് നടപടി ഊര്ജ്ജിതമായത്
തുടര്ന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാന് സഹായിച്ച സീനിയര് സിവില് പൊലീസ് ഓഫീസര് ശരത്തിന് സസ്പെന്ഷനും ലഭിച്ചിരുന്നു. യുവതിയുടെ പരാതിയില് രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭര്ത്താവ് രാഹുല് ക്രൂരമായി മര്ദ്ദിച്ചെന്നും ഫോണ് ചാര്ജര് കഴുത്തില് കുരുക്കി ബെല്റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്. എന്നാല് ഇതെല്ലാം പെണ്കുട്ടി പിന്നീട് നിഷേധിക്കുകയായിരുന്നു.