കൊച്ചി: കേരള സര്വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്സലറുടെ നാമനിര്ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ചാന്സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി. സെനറ്റിലേക്ക് നാല് എബിവിപി പ്രവര്ത്തകരുടെ നാമനിര്ദ്ദേശം ചോദ്യം ചെയ്ത നല്കിയ ഹര്ജിയില് ചാന്സലര്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
സര്വകലാശാല നല്കിയ പട്ടികയിലുണ്ടായിരുന്ന രണ്ട് എസ്എഫ്ഐ പ്രവര്ത്തകര് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹര്ജിക്കാരെക്കാള് എന്ത് യോഗ്യതയാണ് നാമനിര്ദ്ദേശം ചെയ്യപ്പെടാന് എതിര് കക്ഷികളായ നാല് പേര്ക്കും ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ചാന്സലര് കൂടിയായ ഗവര്ണ്ണര് തീരുമാനമെടുത്തത് എന്ന് വ്യക്തത വരുത്തണം. ചാന്സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നാണ് സിംഗിള് ബെഞ്ചിന്റെ നിര്ദ്ദേശം. മറുപടി സത്യവാങ്മൂലം നല്കാന് പത്ത് ദിവസത്തെ സാവകാശവും ഹൈക്കോടതി നല്കി.
സെനറ്റിലേക്ക് നാമനിര്ദ്ദേശം ചെയ്യപ്പെട്ട വിദ്യാര്ത്ഥികളും ഹര്ജിയില് മറുപടി നല്കണം. ഹര്ജി ജസ്റ്റിസ് സിയാദ് റഹ്മാന് അധ്യക്ഷനായ സിംഗിള് ബെഞ്ച് ഈ മാസം 23ന് വീണ്ടും പരിഗണിക്കും. നാല് പേരെയാണ് കേരള സര്വകലാശാല സെനറ്റിലേക്ക് വിദ്യാര്ത്ഥി മണ്ഡലത്തിലേക്ക് നാമനിര്ദ്ദേശം ചെയ്യേണ്ടത്. നിലവില് ചാന്സലര് നാമനിര്ദ്ദേശം ചെയ്തത് കുറഞ്ഞ യോഗ്യതയുള്ളവരെയാണ് എന്നാണ് ഹര്ജിക്കാരുടെ പ്രധാന ആക്ഷേപം. ഉയര്ന്ന യോഗ്യതയുള്ളവരും പഠനത്തിലും കലാ കായിക മേഖലകളിലും ഉന്നത നിലവാരം പുലര്ത്തുന്നവരുമായ ഹര്ജിക്കാരെ തഴഞ്ഞാണ് ചാന്സലറുടെ തീരുമാനമെന്നാണ് വാദം. ഹര്ജിക്കാരായ അരുണിമ അശോകും നന്ദകിഷോറും സര്വകലാശാല ചാന്സലര്ക്ക് നല്കിയ പട്ടികയിലുണ്ടായിരുന്നു. സമാനമായ സെനറ്റ് നാമനിര്ദ്ദേശം നേരത്തെ ഹൈക്കോടതി റദ്ദാക്കി. ഗവര്ണ്ണര്ക്കെതിരെ രൂക്ഷ വിമര്ശനം ഉന്നയിച്ചായിരുന്നു അന്ന് ഹൈക്കോടതിയുടെ നടപടി.