'ജി പേയിലടക്കം കോടിക്കണക്കിന് രൂപ ബിജെപി വിതരണം ചെയ്തു';സുരേഷ് ഗോപിയുടെ വിജയത്തില് സുനില്കുമാര്

ബിജെപി എംപി സുരേഷ് ഗോപിയെ പ്രശംസിച്ചതടക്കം തൃശ്ശൂര് മേയര് എം കെ വര്ഗ്ഗീസ് സ്വീകരിച്ച നിലപാടിനെ വി എസ് സുനില് കുമാര് വിമര്ശിച്ചു.

dot image

കൊച്ചി: തൃശ്ശൂരില് ബിജെപിയുടെ വിജയത്തിന് പിന്നില് വലിയ കൃത്രിമം നടന്നിട്ടുണ്ടെന്ന് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായിരുന്ന സിപിഐ നേതാവ് വി എസ് സുനില് കുമാര്. കോടിക്കണക്കിന് രൂപ ബിജെപി പലരീതിയില് വിതരണം ചെയ്തിട്ടുണ്ടെന്ന് സുനില് കുമാര് ആരോപിച്ചു. പഴയതുപോലെ പണം വീടുകളില് പോയി വിതരണം ചെയ്യേണ്ടതില്ലല്ലോയെന്നും സുനില് കുമാര് പറഞ്ഞു.

'ബിജെപിയുടെ വിജയത്തിന് രാഷ്ട്രീയ കാരണങ്ങള് മാത്രമല്ല തൃശ്ശൂരിലുള്ളത്. വലിയ തോതില് തിരഞ്ഞെടുപ്പില് ബിജെപി കൃത്രിമം കാട്ടിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ ബിജെപി പലരീതിയില് കോളനികളില് ഉള്പ്പെടെ വിതരണം ചെയ്തിട്ടുണ്ട്. ശിവപുരം കോളനിയില് പണം വിതരണം ചെയ്തത് മാധ്യമ വാര്ത്തയായിരുന്നു. പഴയതുപോലെ വീട്ടില്ക്കൊണ്ടുകൊടുക്കേണ്ട സാഹചര്യം ഇല്ലല്ലോ. ഗൂഗിള് പേ ഉള്പ്പെടെ പലരീതിയിലാണ് പണം വിതരണം ചെയ്തത്. കരുവന്നൂര് വിഷയത്തില് അടക്കം പൊളിറ്റിക്കല് മാനിപ്പുലേഷനും ബിജെപി നടത്തി.' സുനില് കുമാര് ആരോപിച്ചു. റിപ്പോര്ട്ടര് ടിവി പ്രസ് കോണ്ഫറന്സിലായിരുന്നു പ്രതികരണം.

ബിജെപി എംപി സുരേഷ് ഗോപിയെ പ്രശംസിച്ചതടക്കം തൃശ്ശൂര് മേയര് എം കെ വര്ഗ്ഗീസ് സ്വീകരിച്ച നിലപാടിനെ വി എസ് സുനില് കുമാര് വിമര്ശിച്ചു. തിരഞ്ഞെടുപ്പ് ഘട്ടത്തില് ഉള്പ്പെടെ വഞ്ചനാപരമായ നിലപാടാണ് എം കെ വര്ഗ്ഗീസ് സ്വീകരിച്ചതെന്നും ചോറ് ഇവിടെയും കൂറ് അവിടെയും എന്ന നിലയ്ക്കാണ് പ്രവര്ത്തനം എന്നും വി എസ് സുനില് കുമാര് പറഞ്ഞു. എല്ഡിഎഫിന്റെ മേയര് ആയിരുന്നുകൊണ്ട് ബിജെപിയെയും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെയും പ്രശംസിക്കുന്ന രീതിയോടുള്ള പ്രതികരണം തേടിയപ്പോഴാണ് സുനില് കുമാര് അതൃപ്തി പരസ്യമാക്കിയത്. അതേസമയം, ജില്ലയില് നിന്നും വിജയിച്ച് കേന്ദ്രമന്ത്രിയായ വ്യക്തിയെ മേയര് സ്വീകരിക്കുന്നതും നല്ലവാക്ക് പറയുന്നതും ആതിഥ്യമര്യാദയുടെ ഭാഗമായി തന്നെ കാണണം. അങ്ങനെ കാണുന്നത് പ്രയാസമുള്ള കാര്യമല്ലെന്നും സുനില് കുമാര് പറഞ്ഞു.

'ശക്തമായി ഇടതുപക്ഷ രാഷ്ട്രീയം ഉയര്ത്തികാട്ടുന്നയാളാണെന്നാണ് മേയര് അവകാശപ്പെടുന്നത്. എന്നാല് തിരഞ്ഞെടുപ്പ് സമയത്ത് എല്ഡിഎഫ് സ്ഥാനാര്ത്ഥിക്ക് വേണ്ടി പ്രവര്ത്തിക്കാന് തയ്യാറാവണമായിരുന്നു അദ്ദേഹം. മറിച്ച് എന്ഡിഎ സ്ഥാനാര്ത്ഥിയുടെ മഹിമയെക്കുറിച്ചും വികസനതാല്പര്യങ്ങളെക്കുറിച്ചും പറയുകയാണുണ്ടായത്. അവയെല്ലാം വസ്തുതാപരമായി തെറ്റാണെന്ന് മാത്രമല്ല, ഗുണം ചെയ്യുന്നത് എന്ഡിഎ സ്ഥാനാര്ത്ഥിക്കാണെന്ന് അറിയാമായിരുന്നു. ഇത് വഞ്ചനാപരമായ നിലപാടാണ്. പൂര്ണ്ണമായും കോര്പ്പറേഷന് അകത്തുവരുന്ന മണ്ഡലമാണ് തൃശ്ശൂര്. 1200 കോടിയുടെ വികസന പ്രവര്ത്തനങ്ങള് താന് എംഎല്എയായിരുന്ന കാലഘട്ടത്തിലാണ് അവിടെ നടപ്പിലാക്കിയത്. ചോര് ഇവിടെയും കൂറ് അവിടെയും എന്ന നിലയ്ക്ക് പ്രവര്ത്തിക്കുമ്പോള് അതിനെ പിന്തുണയ്ക്കാന് കഴിയില്ല.' സുനില് കുമാര് പറഞ്ഞു.

എല്ഡിഎഫിനെ സംബന്ധിച്ച് എം കെ വര്ഗ്ഗീസിന്റെ മേയര് സ്ഥാനം പല പ്രതിസന്ധികളും സൃഷ്ടിക്കുകയാണെന്നും സുനില് കുമാര് കൂട്ടിച്ചേര്ത്തു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം നിര്വ്വഹിച്ചുകൊണ്ടല്ല അദ്ദേഹം പ്രവര്ത്തിക്കുന്നത്. അംഗീകരിച്ചുകൊടുക്കാന് കഴിയില്ല. തിരഞ്ഞെടുപ്പ് തോല്വിയില് മേയറുടെ പ്രവര്ത്തനവും ഒരു ഘടകമാണെന്നും സുനില് കുമാര് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us