കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെ ഇഡി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബോബി ചെമ്മണ്ണൂർ ഫെമ നിയമ ലംഘനം നടത്തിയെന്നാണ് ഇഡി പറയുന്നത്. തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും ഫിജി കാർട്ടും സംശയ നിഴലിലാണ്. ഇതിലൂടെയൊക്കെ കോടികളുടെ കള്ളപ്പണ ഇടപാടാണ് ബോബി ചെമ്മണ്ണൂർ നടത്തുന്നത് എന്നാണ് സംശയം. സംസ്ഥാനത്തെ ലോട്ടറി വില്പനയെ ബാധിക്കുന്നതിനാൽ ബോചെ ടീ നറുക്കെടുപ്പ് നിർത്തലാക്കണം എന്ന ആവശ്യം നിരവധി തവണ നേരത്തെ തന്നെ ഉയർന്നിരുന്നു. ലോട്ടറി റഗുലേഷന് നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര് സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ പരാതിയില് കേസന്വേഷണം നടക്കുന്നുമുണ്ട്. ബോചെ ടീ നറുക്കെടുപ്പ് ജനപ്രീതി നേടുകയും വലിയ ചർച്ചയാവുകയും ചെയ്ത സംഭവമാണ്.
എന്താണ് ബോച്ചേ ടീ നറുക്കെടുപ്പ്?
ബോചെ ടീയുടെ ഓരോ 100 ഗ്രാം പാക്കറ്റിന് ഉള്ളിലും ഓരോ സമ്മാനക്കൂപ്പൺ ഉണ്ടായിരിക്കും. ഈ കൂപ്പൺ നമ്പറുകൾ ബോചെ ടീ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യപ്പെടുമ്പോഴാണ് ഒരു ടിക്കറ്റ് ജനറേറ്റ് ആകുന്നത്. ഇങ്ങനെ ടിക്കറ്റ് ജനറേറ്റ് ആകുന്നത് ഏത് ദിവസമാണോ അന്നേ ദിവസത്തെ നറുക്കെടുപ്പിലാണ് ആ വ്യക്തിയുടെ ഭാഗ്യം പരീക്ഷിക്കപ്പെടുന്നത്.
ഒന്നാം സമ്മാനം പത്തുലക്ഷം രൂപയാണ്. 10000 രൂപ, 5000 രൂപ, 1000 രൂപ, 500 രൂപ, 100 രൂപ എന്നിങ്ങനെ മറ്റ് നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ ഒരു പ്രത്യേക കാലാവധിക്കിടയിൽ വിൽക്കപ്പെടുന്ന എല്ലാ ടിക്കറ്റുകളും ഒരുമിച്ചിട്ട് 25 കോടി രൂപയുടെ മെഗാ നറുക്കെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മാനങ്ങൾ നേടുന്നതിനൊപ്പം തന്നെ 100 ഗ്രാം ചായപ്പൊടിയും ലഭിക്കുന്നു എന്നതാണ് ഉപഭോക്താവിനുള്ള ഗുണം.
ഓരോ പത്ത് കിലോമീറ്റർ പരിധിക്കുള്ളിലും ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാനാണ് ബോചെ ടീ ലക്ഷ്യമിടുന്നത്. 350, 100 ഗ്രാമിന്റെ പാക്കറ്റുകളാണ് ഫ്രാഞ്ചൈസി ആകാൻ ഉദ്ദേശിക്കുന്ന വ്യക്തിയോ സ്ഥാപനമോ ആദ്യ പർച്ചേസായി നടത്തേണ്ടത്. വീട്ടിലിരുന്നോ, കടയിട്ടോ, നിലവിൽ കടയുണ്ടെങ്കിൽ അതിനുള്ളിലോ വിൽപ്പന നടത്താം എന്നതാണ് ഫ്രാഞ്ചൈസി ഉടമകൾക്കുള്ള വാഗ്ദാനം.
എന്തൊക്കെയാണ് ഇഡി പരിശോധിക്കുന്നത്?
ബോബി ചെമ്മണ്ണൂരിന്റെ ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചാണ് ഇഡി വിശദമായി അന്വേഷിക്കുന്നത്. ബോബി ചെമ്മണ്ണൂർ തന്റെ സ്ഥാപനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളും പരിശോധനാ പരിധിയിലുണ്ട്. വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ബോബി ചെമ്മണ്ണൂർ ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ഇഡി കണ്ടെത്തിയിരിക്കുന്നത്. ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുണ്ട്. ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ, ഫെമ ലംഘനം നടന്നിട്ടുണ്ടോ എന്നൊക്കെയാണ് പരിശോധിക്കുന്നത്.