കൊച്ചി:സാധാരണ ജനങ്ങളില് നിന്ന് അകന്നതും ഭരണ വിരുദ്ധ വികാരവും ലോക്സഭ തിരഞ്ഞെടുപ്പില് എല്ഡിഎഫിന് വില്ലനായതായി ഘടകകക്ഷിയായ എന്സിപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില് അവതരിപ്പിച്ച രാഷ്ട്രീയരേഖയില് വിമര്ശനം. സിപിഐഎമ്മിന്റെ ശക്തമായ സംഘടനാ സംവിധാനം ഇല്ലായിരുന്നെങ്കില് ഇതിലും ഭീകരമാവുമായിരുന്നു പതനമെന്നും രേഖയില് വ്യക്തമാക്കി. നേതൃത്വം തെറ്റില്നിന്നു തെറ്റിലേക്ക് പോയപ്പോള് ജനങ്ങള് സ്വയം 'രക്ഷാപ്രവര്ത്തനം' നടത്തിയതാണു ലോക്സഭാ തിരഞ്ഞെടുപ്പില് എല്ഡിഎഫിനുണ്ടായ കനത്ത പരാജയത്തിനു കാരണമെന്നു യോഗം വിലയിരുത്തി.
മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളും എല്ഡിഎഫ് കണ്വീനറുടെ 'കൂട്ടുകെട്ടുകളും' പിന്വാതില് നിയമനങ്ങളും എസ്എഫ്ഐയുടെ ഗുണ്ടായിസവും നവകേരള സദസ്സ് അടക്കമുള്ളവയും പരാജയത്തിനു കാരണമായെന്ന വിമര്ശനവും രാഷ്ട്രീയരേഖയില് ശക്തമായി ഉന്നയിക്കുന്നു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ അധ്യക്ഷതയില് കൊച്ചിയില് ചേര്ന്ന യോഗത്തിലാണ് ഭരണത്തിനെതിരെ രൂക്ഷ വിമര്ശനമുന്നയിക്കുന്ന രാഷ്ട്രീയ രേഖ അവതരിപ്പിക്കപ്പെട്ടത്.
നവകേരള സദസ്സിനെ രാഷ്ട്രീയ രേഖയില് കടുത്ത ഭാഷയിലാണ് വിമര്ശിച്ചത്. സാധാരണ ജനങ്ങള്ക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് എത്താന് കഴിഞ്ഞില്ല. പൗരപ്രമുഖരെയും സാധാരണക്കാരെയും വേര്തിരിച്ചു കോടികള് ചെലവഴിച്ചുള്ള യാത്രയെന്ന ദുഷ്പേര് സമ്പാദിക്കാന് മാത്രമേ നവകേരള സദസിന് കഴിഞ്ഞുള്ളൂ. പൊതുജനങ്ങളില് നിന്ന് സ്വീകരിച്ച പരാതികളില് എത്ര തീര്പ്പായെന്ന് പറയാന്പോലും കഴിയാത്ത അവസ്ഥയായി. എല്ഡിഎഫിനൊപ്പം എന്നുമുണ്ടായിരുന്ന സര്ക്കാര് ജീവനക്കാരും കൈവിട്ടു. ഡി എ കുടിശ്ശിക ഉള്പ്പെടെയുള്ള വിഷയങ്ങളില് ഭരണകക്ഷി യൂണിയനില്പ്പെട്ട ജീവനക്കാര് പോലും മാറിച്ചിന്തിച്ചു.
പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചകള്, സിദ്ധാര്ഥന്റെ മരണം ഉള്പ്പെടെ എസ്എഫ്ഐയുടെ കലാലയ ഗുണ്ടാ രാഷ്ട്രീയം തുടങ്ങിയവ പൊതുസമൂഹത്തില് ശക്തമായ പ്രതിഷേധമുണ്ടാക്കി. കലാലയങ്ങളില് ജനാധിപത്യ സംസ്കാരത്തിന് വിലങ്ങുതടിയായി നില്ക്കുന്ന എസ്എഫ്ഐയെ സിപിഐം നിയന്ത്രിക്കണം. വിവിധ വകുപ്പുകളില് നടത്തിയിട്ടുള്ള പിന്വാതില് നിയമനങ്ങളില് സര്ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും രാഷ്ട്രീയരേഖ പറയുന്നു. 'മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിര്ത്താന് പിണറായി വിജയന് വഹിച്ച പങ്ക് വലുതാണെന്നും ഭരണത്തലവന് എന്ന നിലയില് മുഖ്യമന്ത്രിക്കുണ്ടായ പിഴവുകളും വിലയിരുത്തപ്പെടേണ്ടതാണെന്നു ചൂണ്ടിക്കാട്ടുന്നു.
മന്ത്രിമാരുടെ പ്രവര്ത്തനത്തെയും യോഗം വിമര്ശിച്ചു. ഒന്നാം പിണറായി സര്ക്കാരിലെ മന്ത്രിമാരുടെ സേവനം വളരെ ഗുണം ചെയ്തെങ്കില് രണ്ടാം പിണറായി സര്ക്കാരിന് അത് നിലനിര്ത്താനായില്ല എന്നതും പരാജയത്തിന് കാരണമായി. വിലക്കയറ്റം, കുത്തഴിഞ്ഞ ആരോഗ്യവകുപ്പ്, യാതൊരു ഉപകാരവുമില്ലാതായ സപ്ലൈകോ, കെഎസ്ആര്ടിസി ജീവനക്കാരുടെ ദുരിതജീവിതം, കരുവന്നൂര് തട്ടിപ്പ് സഹകരണ മേഖലയിലുണ്ടാക്കിയ തിരിച്ചടി, പിഎസ്സി റാങ്ക് ലിസ്റ്റുകാരുടെ നിരന്തര സമരം, തിരഞ്ഞെടുപ്പ് സമയത്ത് കണ്ണൂരിലെ ബോംബ് സ്ഫോടനം ഉള്പ്പെടെ സമസ്ത മേഖലകളിലും ജനങ്ങളില് നിന്ന് പ്രതിഷേധമുയര്ന്നു.
പ്രകാശ് ജാവദേക്കറുമായുള്ള എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്റെ കൂടിക്കാഴ്ചയും ജനങ്ങളില് സംശയം വളര്ത്തി. ദല്ലാളുമാരുടെ ചങ്ങാത്തവും ഇതു സംബന്ധിച്ച് കണ്വീനറും സിപിഐഎമ്മും നല്കിയ വിശദീകരണവും ജനങ്ങള്ക്ക് ദഹിച്ചിട്ടില്ലെന്ന് രാഷ്ട്രീയരേഖ പറയുന്നു. എല്ഡിഎഫും മുഖ്യമന്ത്രിയും തെറ്റുകള് തിരുത്തണമെന്നും എന്സിപി ആവശ്യപ്പെട്ടു. കണ്ണൂര് അടക്കമുള്ള സിപിഐഎം ശക്തികേന്ദ്രങ്ങളില് ബിജെപിയിലേക്ക് എങ്ങനെ വോട്ടുമറിഞ്ഞു, തൃശൂരിലെ ബിജെപി വിജയത്തിനൊപ്പം ആറ്റിങ്ങല്, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില് ബിജെപിക്കുണ്ടായ വളര്ച്ചയും നിസാരമായി കാണാനാവില്ല. മതന്യൂനപക്ഷങ്ങളുടെ സഹായവും ബിജെപിക്ക് ലഭിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.
പരാതിക്കാരന്റെ വീടിന്മുന്നിലെ സമരം അവസാനിപ്പിച്ച് പ്രമോദ് കോട്ടുളിതൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തില് ഭരണവിരുദ്ധ വികാരം ഒളിഞ്ഞിരിപ്പുണ്ടെന്ന് എല്ഡിഎഫ് മനസിലാക്കേണ്ടതായിരുന്നു. തുടര്ന്ന് വന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു ഫലവും ഭരണവിരുദ്ധ വികാരം ശക്തിപ്പെട്ടു എന്ന് മനസിലാക്കാന് എല്ഡിഎഫിനായില്ല. പൗരത്വഭേദഗതി നിയമം മുന്നിര്ത്തി പ്രചരണം മുന്നോട്ടു കൊണ്ടുപോയത് ഏറ്റില്ലെന്നും വ്യക്തമായ സംസ്ഥാന രാഷ്ട്രീയം ഉയര്ത്തി പ്രചരണം നടത്താന് കഴിഞ്ഞില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. സാമ്പത്തികമായി കേന്ദ്രം തളര്ത്താന് ശ്രമിച്ചപ്പോള് ശക്തമായ സമരം സംഘടിപ്പിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം അനുകൂലമായി മാറിയില്ല. കേരളീയം, നവകേരള സദസ്, ലോകകേരള സഭ, സുപ്രീം കോടതിയില് അഭിഭാഷകര്ക്ക് കൊടുത്ത ഭീമമമായ ഫീസ് തുടങ്ങിയവയെല്ലാം സര്ക്കാരിന്റെ ധൂര്ത്താണ് എന്ന് ആക്ഷേപിക്കപ്പെട്ടപ്പോള് സാമ്പത്തിക പ്രതിസന്ധി എന്ന മുറവിളി ജനങ്ങളുടെ മനസില് ഏശിയില്ല. ക്ഷേമപെന്ഷന് മുടങ്ങിയത് പരാജയത്തിന് ഒരു പ്രധാന കാരണമാണെങ്കിലും ജനമധ്യത്തില് എടുത്തു പറയത്തക്ക ഭരണനേട്ടങ്ങള് ഉയര്ത്തിക്കാണിക്കാന് എല്ഡിഎഫിന് കഴിഞ്ഞില്ലെന്നും രാഷ്ട്രീയരേഖയില് ചൂണ്ടിക്കാട്ടുന്നു.