'യദുവിനെ കഞ്ചാവ് കേസിൽ കുടുക്കി'; ഡിവൈഎഫ്ഐഎക്സൈസ് ഓഫീസിലേക്ക് നടത്താനിരുന്ന മാർച്ച് മാറ്റി

കഴിഞ്ഞ ദിവസം സിപിഐഎം പാർട്ടിയിലേക്ക് സ്വീകരിച്ച യദുകൃഷ്ണനെ കഞ്ചാവ് കേസിൽ കുടുക്കി എന്ന് ആരോപിച്ചാണ് സമരം നിശ്ചയിച്ചിരുന്നത്

dot image

പത്തനംതിട്ട: പത്തനംതിട്ടയിൽ എക്സൈസ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ ഇന്ന് നടത്താനിരുന്ന സമരം മാറ്റി. കഴിഞ്ഞ ദിവസം സിപിഐഎം പാർട്ടിയിലേക്ക് സ്വീകരിച്ച യദുകൃഷ്ണനെ കഞ്ചാവ് കേസിൽ കുടുക്കി എന്ന് ആരോപിച്ചാണ് സമരം നിശ്ചയിച്ചിരുന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം നിശ്ചയിച്ചിരുന്നത്. പാർട്ടിയിലേക്ക് കടന്നുവന്ന പ്രവർത്തകനെ കുടുക്കാൻ അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു.

അതേസമയം മുൻ എസ്എഫ് ഐ നേതാവ് ബീന ഗോവിന്ദന്റെ സംസ്കാര ചടങ്ങ് ഇന്ന് നടക്കുന്നതിനാലാണ് സമരം മാറ്റി വെച്ചത് എന്നാണ് ഡി വൈഎഫ്ഐയുടെ വിശദീകരണം. വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ മുഖ്യ ചുമതലക്കാരി കൂടിയായിരുന്നു ബീന ഗോവിന്ദൻ. എന്നാൽ പൊതുതിരഞ്ഞെടുപ്പ് ഫലത്തോടെ പാർട്ടി പ്രതിരോധത്തിൽ തുടരുന്ന സമയത്ത് ഇങ്ങനെയൊരു സമര പരിപാടി കൂടുതൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് സമരം മാറ്റിവെച്ചത് എന്നാണ് സൂചന. യദുവടക്കം ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചാനയിച്ചത് പാർട്ടിയുടെ ഉള്ളിൽ നിന്നടക്കം വിമർശനങ്ങൾക്ക് കാരണമായിരുന്നു.

നേരത്തെ യദുകൃഷ്ണന്റെ കയ്യിൽ നിന്നും കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. യദുകൃഷ്ണനില് നിന്ന് കഞ്ചാവ് വലിക്കാന് ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ യദുവിനെ കള്ളക്കേസില് കുടുക്കുകയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥന്റെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും ആരോപിച്ച് സിപിഐഎം തന്നെ രംഗത്തെത്തി.

തന്റെ കള്ളക്കേസില് കുടുക്കിയതാണെന്നും തന്റെ പക്കല് നിന്നും കഞ്ചാവ് പിടികൂടിയിട്ടില്ലെന്നും പറഞ്ഞു യദു തന്നെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്ന സാഹചര്യവുമുണ്ടായിരുന്നു. സിപിഐഎമ്മിലേക്ക് 62 പേര് ചേര്ന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസില് പെടുത്തും എന്നായിരുന്നു മുന്നറിയിപ്പെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പരസ്യ മദ്യപാനം നടത്തുന്നു എന്ന പരാതിയെ തുടര്ന്നാണ് മൂന്നു പേരെ എക്സൈസ് കസ്റ്റഡിയില് എടുത്തത്. യദുകൃഷ്ണനെ മാത്രം എക്സൈസ് ഓഫീസില് നിര്ത്തി മറ്റുള്ളവരെ പറഞ്ഞു വിട്ടു. പിന്നീട് യദുകൃഷ്ണനെ ജാമ്യത്തില് വിട്ടു. കഞ്ചാവ് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പാര്ട്ടി നേതൃത്വത്തെ യദുകൃഷ്ണന് അറിയിച്ചതായും സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു നേരത്തെ അറിയിച്ചിരുന്നു.

എന്നാല്, പാര്ട്ടിയുടെ ഈ വാദം തള്ളി പിന്നീട് എക്സൈസ് ഉദ്യോഗസ്ഥൻ തന്നെ രംഗത്തെത്തി. കഞ്ചാവ് പിടിച്ചതിന് പിന്തുണ കിട്ടേണ്ടതിന് പകരം ആരോപണം വരുന്നതില് സങ്കടമെന്ന് ഉദ്യോഗസ്ഥന് പ്രതികരിച്ചു. 'എക്സൈസ് ഇന്സ്പെക്ടര്ക്കൊപ്പം സംയുക്തമായാണ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തനിക്ക് ഒരു രാഷ്ട്രീയവുമില്ല. മുഖ്യമന്ത്രിയുടെ മെഡല് വാങ്ങിയ ആളാണ് താന്. 23 വര്ഷമായി ആത്മാര്ത്ഥതയോടെയാണ് താന് ജോലി ചെയ്യുന്നതെന്നും എക്സസൈസ് ഉദ്യോഗസ്ഥന് അസീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പ കേസ് പ്രതി ശരണ് ചന്ദ്രന് അടക്കം 62 പേര്ക്കൊപ്പം യദുകൃഷ്ണന് സിപിഐഎമ്മില് ചേര്ന്നത്. മന്ത്രി വീണ ജോര്ജും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ചേര്ന്നാണ് പാര്ട്ടിയിലെത്തിയവരെ മാലയിട്ട് സ്വീകരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us