കൊച്ചി: കൊച്ചിയിൽ നടന്ന ജെൻ എഐ കോൺക്ലേവിലെ താരമായി എറണാകുളം വൈറ്റില സ്വദേശി ഉദയ് ശങ്കറും ഉദയ് നിർമ്മിച്ചെടുത്ത ആപ്പുകളും. പതിനഞ്ചാം വയസ്സിൽ 15 എ ഐ ആപ്ലിക്കേഷനുകളാണ് ഉദയ് സ്വന്തമായി നിർമ്മിച്ചത്.
എട്ടാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ച് ടെക്നോളജിയോടെ ലോകത്തിലേക്ക് കടന്നതായിരുന്നു ഉദയ്. ഉദയ് പതിനഞ്ചാം വയസ്സിൽ 15 ആപ്പുകൾ നിർമ്മിച്ചു. അതിൽ ഏട്ടെണ്ണം എഐ അധിഷ്ഠിത ആപ്പുകളാണ്. നാലാം ക്ലാസ് അവധിക്കാലത്ത് നീന്തൽ പഠിക്കണോ അല്ലെങ്കിൽ റോബോട്ടിക്സ് പഠിക്കണോയെന്ന് അമ്മ ചോദിച്ചു. റോബോട്ടിക്സ് മതിയെന്ന് ഉദയ്. കോവിഡ് കാലത്ത് ഓൺലൈനായാണ് ഉദയ് പൈത്തൺ പ്രോഗ്രാമിങ്ങ് പഠിച്ചത്. ആപ്ലിക്കേഷൻ വികസിപ്പിക്കലാണ് ഉദയുടെ ഇഷ്ടമേഖല.
എല്ലാത്തിനും പിന്തുണയുമായി അച്ഛൻ ഡോക്ടർ രവി കുമാറും ജെൻ എ ഐ കോൺക്ലെവ് സ്റ്റാർട്ടപ്പ് പ്രദർശനത്തിൽ ഉദയ്ക്കൊപ്പമുണ്ടായിരുന്നു. ഇപ്പോഴത്തെ തലമുറ ഒരുപാട് മുന്നിലാണെന്നും അഭിരുചി മനസ്സിലാക്കി ഇഷ്ടമേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും രവികുമാർ പറഞ്ഞു.
ഉറവ് അഡ്വാൻസ്ഡ് ലേണിംഗ് സിസ്റ്റംസ് എന്ന സ്റ്റാർട്ടപ്പും ഉദയ് ആരംഭിച്ചിട്ടുണ്ട്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ആപ്പ് വികസിപ്പിച്ചതിന് ഇന്ത്യൻ പേറ്റന്റും ലഭിച്ചു. കാഴ്ച്ച ഇല്ലാത്തവർക്ക് പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ആപ്പിന്റെ സേവനം സൗജന്യമായാണ് ഉദയ് ലഭ്യമാക്കുന്നത്.
പനിച്ചുവിറച്ച് കേരളം; കോളറ ജാഗ്രതയിൽ തലസ്ഥാനം