മാനന്തവാടി: വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജിസ്റ്റിൻ്റെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ തീരുമാനം. മന്ത്രി ഒ ആർ കേളു ആവശ്യപ്പെട്ട പ്രകാരം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോകുന്ന കാർഡിയോളജിസ്റ്റ് ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് രോഗികളെ പരിശോധിക്കുന്നത്. ഇക്കാര്യം റിപ്പോർട്ടർ മെഡിക്കൽ കോളേജ് പരമ്പരയിലൂടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടപെടല്.
വയനാട് മെഡിക്കൽ കോളേജിലെ അടിസ്ഥാനസൗകര്യങ്ങളിലെ അപര്യാപ്തത നേരത്തെയും റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്നിരുന്നു. നിലവിൽ വെറും ഒന്പത് ഏക്കറിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. പുതിയതായി ഒരു കെട്ടിടം സ്ഥാപിക്കണമെങ്കിൽ ഇനി സ്ഥലമില്ലാത്തിടത്താണ് ആശുപത്രിയുള്ളത്. രോഗികൾക്ക് ആശുപത്രിയിൽ എത്തിപ്പെടാനും പ്രയാസമാണ്. ഏകദേശം 54,000 രോഗികൾ പ്രതിമാസം ഒപിയിൽ വരുന്ന മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി തസ്തിക പോലുമില്ലെന്നത് ഗൗരവകരമാണ്..
ആശുപത്രിയിലെത്തുന്ന 60% രോഗികളും ആദിവാസി വിഭാഗങ്ങളിലുള്ളവരാണ്. വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകാൻ നിർദ്ദേശിച്ചാലും പലരുമത് ചെയ്യാറില്ല. മണിക്കൂറുകളോളം ചുരത്തിലെ ഗതാഗത തടസത്തിൽ കുടുങ്ങി കിടന്ന് ഉള്ള ചികിത്സയും കിട്ടാതെ പോവുമോയെന്ന ഭയവുമുണ്ട്.