കോഴിക്കോട്: പി എസ് സി കോഴ വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിർണായക യോഗം ചേരും. ആരോപണ വിധേയനായ ടൗൺ ഏരിയ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.
പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം നൽകിയിരുന്നു. ഇതു പരിശോധിച്ചാണ് ജില്ല കമ്മിറ്റിയിൽ നടപടി എടുക്കുക. നടപടി വിശദീകരിക്കുന്നതിനായി ഉച്ചയ്ക്ക് ശേഷം ടൗൺ ഏരിയ കമ്മിറ്റിയും ചേരും. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന സൂചനയാണ് ഒരു വിഭാഗം ഏരിയ കമ്മിറ്റിയംഗങ്ങൾ നൽകുന്നത്.
എസ് സി നിയമനത്തിന് കോഴയെന്ന വിവാദം അവസാനിപ്പിക്കാൻ സിപിഐഎം തന്ത്രപരമായ സമീപനം സ്വീകരിക്കാനാണ് സാധ്യത. ഈ ആരോപണം പരാമർശിക്കാതെ പ്രമോദിൻ്റെ റിയൽ എസ്റ്റേറ്റ് ബന്ധം കാണിച്ചാണ് നടപടി എടുക്കുക. അതേസമയം തനിക്കൊന്നും ഒളിച്ച് വെക്കാനില്ലെന്നും എല്ലാം പാർട്ടിക്ക് അന്വേഷിക്കാമെന്നുമുള്ള നിലപാടിലാണ് പ്രമോദ്. എന്നാൽ നടപടിയെടുത്താൽ പ്രമോദ് കൂടുതൽ ഗുരുതരമായ എന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്.