തിരുവനന്തപുരം: റെയില്വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന് തോട്ടില് ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില് രക്ഷാദൗത്യത്തിന് റെയില്വേ സഹകരിക്കുന്നില്ലെന്ന് മേയര് ആര്യ രാജേന്ദ്രന്. ട്രാക്കില് നിന്ന് ട്രെയിന് മാറ്റാന് അധികൃതര് തയ്യാറാകുന്നില്ലെന്നും ട്രാക്കിലൂടെ ട്രെയിന് വരില്ലെന്ന് അധികൃതര് ഉറപ്പ് നല്കിയിരുന്നുവെന്നും മേയര് പറഞ്ഞു. എന്നാല്, അധികൃതര് ഉറപ്പ് പാലിച്ചില്ല. റെയില്വേയുടെ ഉദ്യോഗസ്ഥര് സംഭവ സ്ഥലത്തേക്ക് ഇതുവരെ വന്നിട്ടില്ലന്നും മേയര് പറഞ്ഞു. സ്റ്റേഷന്റെ മൂന്ന്, നാല് പ്ലാാറ്റ്ഫോമുകളുടെ മധ്യഭാഗത്താണ് നിലവില് രക്ഷാദൗത്യം നടക്കുന്നത്. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്.
റോബോട്ടിക് സംവിധാനം വഴി ടണലിനുള്ളിലെ മാലിന്യം നീക്കി രാത്രി വൈകിയും ജോയിക്കായുള്ള രക്ഷാപ്രവര്ത്തനം തുടരുകയാണ്. രണ്ട് ജന് റോബോട്ടുകള് ഉപയോഗിച്ച് ടണലിന്റെ ഇരു വശങ്ങളില് നിന്നും മാലിന്യം നീക്കാന് തുടങ്ങി. കരയില് റോബോട്ടിന്റെ നിരീക്ഷിക്കാന് പ്രത്യേക സംവിധാനവുമുണ്ട്. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. റെയിൽവെയുടെ താല്ക്കാലിക തൊഴിലാളിയാണ് ഇദ്ദേഹം. മൂന്നു മണിക്കൂറായി ഇദ്ദേഹത്തിനായി തിരച്ചില് തുടരുകയാണ്. സ്കൂബ ടീമിന് ജോയിയെ കണ്ടെത്താനായിരുന്നില്ല. തുടര്ന്ന് റയില്വേ സ്റ്റേഷന് അകത്തുളള സ്ലാബ് ഇളക്കി പരിശോധിച്ചു. കനാലില് 50 മീറ്ററോളം സ്കൂബ ടീമിന് പരിശോധന നടത്താന് കഴിഞ്ഞുള്ളു. തുടര്ന്നാണ് റോബോട്ടുകള് ഉപയോഗിച്ച് ടണലിന്റെ മാലിന്യം നീക്കാന് തുടങ്ങിയത്.
തമ്പാനൂര് റെയില്വേ സ്റ്റേഷനടുത്ത് വലിയ തോതില് മാലിന്യങ്ങള് അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില് ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില് പെടുകയായിരുന്നു. മഴ പെയ്തപ്പോള് ജോയിയോടു കരയ്ക്കു കയറാന് ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള് പറഞ്ഞു. എന്നാല് തോടിന്റെ മറുകരയില് നിന്ന ജോയി ഒഴുക്കില് പെടുകയായിരുന്നു. രക്ഷാദൗത്യത്തിന് തിരുവനന്തപുരത്തു നിന്നുള്ള എന്ഡിആര്ഫ് സംഘവും രാത്രിയോടെയെത്തും. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. നേവിയോടും സഹായമഭ്യര്ത്ഥിച്ചതായി കളക്ടര് അറിയിച്ചു.