തിരുവനന്തപുരം: ആമയിഴഞ്ചാന് തോട് വൃത്തിയാക്കുന്നതിനിടെ ക്ലീനിംഗ് തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില് കോര്പ്പറേഷനും റെയില്വേയും തമ്മില് തര്ക്കം. തോട് വൃത്തിയാക്കേണ്ടത് കോര്പ്പറേഷന്റെ ചുമതലയാണെന്നും 2015, 2017, 2019 വര്ഷങ്ങളില് കോര്പ്പറേഷനാണ് ഇത് ചെയ്തിരുന്നതെന്നും റെയില്വേ എഡിആര്എം എംആര് വിജി പ്രതികരിച്ചു.
ടണല് വൃത്തിയാക്കാന് കോര്പ്പറേഷന് അനുമതി ആവശ്യപ്പെട്ട് ഒരു തവണ പോലും കത്ത് തന്നിട്ടില്ല. അനുവാദം ചോദിച്ചിട്ട് നല്കിയിട്ടില്ലെന്ന് വാദം പച്ചക്കള്ളമാണ്. റെയില്വേയുടെ ഖര മാലിന്യം തോട്ടില് കളയുന്നില്ല. വെള്ളം മാത്രമെ ഒഴുകി വീഴുന്നുള്ളൂ. ഇത്തവണ കോര്പ്പറേഷന് അസൗകര്യം പറഞ്ഞപ്പോള് നല്ല ഉദ്ദേശത്തോടെ റെയില്വേ ക്ലീനിംഗ് ഏറ്റെടുക്കുകയായിരുന്നു'വെന്നും എഡിആര്എം പ്രതികരിച്ചു.
എന്നാല് റെയില്വേയുടെ വാദം മേയര് ആര്യാ രാജേന്ദ്രന് തള്ളി. പിറ്റ് ലൈനിന് താഴെയുള്ള മാലിന്യങ്ങളുടെ ചുമതല റെയില്വേയ്ക്ക് തന്നെയാണെന്ന് മേയര് പറഞ്ഞു. റെയില്വേ ഖരമാലിന്യങ്ങള് സ്വന്തം നിലയില് സംസ്കരിക്കുന്നുവെന്ന വാദം ശരിയല്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില് നഗരസഭക്ക് മുന്നില് തെളിയിക്കട്ടെയെന്ന് ആര്യാ രാജേന്ദ്രന് പറഞ്ഞു.
'ഒരു വകുപ്പിനെയും കുറ്റപ്പെടുത്താന് ഉള്ള സമയല്ല. നഗരസഭ പെര്മിഷന് ചോദിച്ച് കത്ത് ആവശ്യപ്പെട്ടതായി പറഞ്ഞിട്ടില്ല. ഡിആര്എം അല്ലെങ്കില് എഡിആര്എം ഇതുവരെ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല. നഗരസഭയുടെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് റെയില്വേയ്ക്ക് വിഷയത്തില് ഇടപെടേണ്ടി വന്നത്. തെളിവ് സഹിതമാണ് കാര്യങ്ങള് പറയുന്നത്. ബോധപൂര്വ്വം മാലിന്യ സംസ്കരണത്തില് റെയില്വേ ഇടപെട്ടില്ല. നഗരസഭയുടെ പരിശോധന ഉണ്ടാകും. എവിടെയാണ് റെയില്വേയുടെ മാലിന്യ സംസ്കരണ പ്ലാന്റ്. മനുഷ്യ വിസര്ജ്യം അടക്കമുള്ള മാലിന്യം സംസ്കരിക്കാന് റെയില്വേ പ്രോപ്പര്ട്ടിയില് സംവിധാനം ഉണ്ടോ. അതൊന്ന് റെയില്വേ കാണിച്ചുതരണം,' മേയര് പറഞ്ഞു.