തിരുവനന്തപുരം: ആമയിഴഞ്ചാന് തോട്ടിലകപ്പെട്ട ജോയിക്കായുള്ള രക്ഷാദൗത്യത്തിനായി നേവി സംഘം തിരുവനന്തപുരത്തെത്തി. നേവിയുടെ അഞ്ച് പേരടങ്ങുന്ന സ്കൂബ സംഘമാണ് തലസ്ഥാനത്ത് എത്തിയത്. സംഘത്തിന്റെ നേതൃത്വത്തില് ആമയിഴഞ്ചാം തോട്ടില് പ്രാഥമിക പരിശോധന നടത്തും. സംഘത്തെ ഉള്പ്പെടുത്തി ജില്ലാ കളക്ടറുടെ നേതൃത്വത്തില് യോഗം ചേരുകയാണ്. യോഗത്തില് നേവി, ഫയര്ഫോഴ്സ്, എന്ഡിആര്എഫ് പ്രതിനിധികള് പങ്കെടുക്കുന്നുണ്ട്.
രാത്രിയായതിനാല് ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. ഇനി പരിശോധന നാളെ രാവിലെ തുടങ്ങും. ഫയര്ഫോഴ്സ് സ്കൂബ ടീം പരിശോധന നിര്ത്തിയതായി അറിയിച്ചിരുന്നു. രാത്രി രക്ഷാപ്രവര്ത്തനം ദുഷ്കരമായ സാഹചര്യത്തിലാണ് രക്ഷാദൗത്യം താല്കാലികമായി നിര്ത്തിവെച്ചത്. രക്ഷാദൗത്യം ദുഷ്കരമെന്ന് സ്കൂബ ടീം അറിയിച്ചു. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടികിടക്കുന്ന മാലിന്യത്തില് നിന്നും ഒരു കവര് പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്കൂബ ടീം പ്രതികരിച്ചിരുന്നു. 'രക്ഷാദൗത്യം പെട്ടെന്നൊന്നും നടക്കില്ല. മാലിന്യം ഒന്നരമീറ്ററോളം പൊക്കമുള്ള ബ്ലേക്ക് ആയി കിടക്കുകയാണ്. ചെളി കൂടെ ചേര്ന്നുകിടക്കുന്നു. ഫുള് പവറില് വെള്ളം അടിച്ചുപോലും അത് കിട്ടുന്നില്ല' ഓരോ കഷ്ണങ്ങളായി ഇളക്കി മാറ്റേണ്ടി വരും. കവര്പോലും ഇളകുന്നില്ല, എന്നാണ് ഏറ്റവും ഒടുവില് സ്കൂബ ടീം പ്രതികരിച്ചത്.
'വെള്ളം അടിച്ച് പിരിച്ചെടുക്കാമെന്ന് വിചാരിച്ചാല് ദൗത്യം നീണ്ടുപോകും. ഇറിഗേഷന് വകുപ്പ് ബാക്ക് വാഷ് ചെയ്യാന് തയ്യാറെടുക്കുന്നുവെന്നാണ് അറിഞ്ഞത്. വലിയ അളവില് വെള്ളം കെട്ടിനിര്ത്തി ഒരുമിച്ച് ഒഴുക്കിവിടുന്നതാണ് ബാക്ക് വാഷിംഗ്. സമ്മര്ദത്തില് ഒരുപക്ഷെ മാലിന്യം ഇളകിവന്നേക്കാം. 24 മണിക്കൂര് കഴിഞ്ഞില്ലേ. ബോഡി ഇളകി ഒഴുകി വന്നേക്കാം. അകത്ത് കയറിയാല് മാത്രമെ ഭീകരത മനസ്സിലാവൂ' എന്നും സ്കൂബ ടീം പറഞ്ഞു. ടണലിന്റെ 70 ശതമാനം പരിശോധിച്ച ശേഷമായിരുന്നു വെള്ളം പമ്പ് ചെയ്ത് മാലിന്യം ഇളക്കി വിടാന് ശ്രമിച്ചത്.
ആമയിഴഞ്ചാന് അപകടം: 'അടിയന്തര അന്വേഷണം വേണം', കേന്ദ്രറെയില്വെ മന്ത്രിക്ക് കത്തയച്ച് എ എ റഹീംറോബോട്ടിക് പരിശോധനയില് മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെന്ന സംശയമുണ്ടായെങ്കിലും പിന്നീട് ഇത് മനുഷ്യ ശരീരമല്ലെന്ന് കണ്ടെത്തിയിരുന്നു. അപകടത്തില് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. അധികൃതര്ക്ക് കമ്മീഷന് നോട്ടീസയച്ചു. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോര്ട്ട് നല്കണം. തമ്പാനൂര് റെയില്വെ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന് തോട്ടിലെ മാലിന്യങ്ങള് വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്പ്പെട്ട് കാണാതായത്.