തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്സ് ഡിജിപിക്ക് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ അഭിനന്ദന കത്ത്. പ്രതിബന്ധത്തിലും ഫയര്‍ഫോഴ്സിന്റെ നിസ്വാര്‍ത്ഥ സേവനത്തെ അദ്ദേഹം കത്തിലൂടെ അഭിനന്ദിച്ചു. ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയുടെ നിസ്സഹായയായ അമ്മയ്ക്ക് പ്രതീക്ഷ നല്കുന്ന ഹീറോയിസമാണ് ഫയര്‍ഫോഴ്സ് കാഴ്ച്ചവെക്കുന്നത്. കേരളത്തിലെ ഓരോ പൗരനും ഫയര്‍ ഫോഴ്സിന്റെ സേവനത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും രക്ഷാപ്രവര്‍ത്തകര്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് കത്തിലൂടെ പറഞ്ഞു.
ഇതിനിടെ ആമയിഴഞ്ചാന്‍ അപകടത്തില്‍ സ്കൂബ ടീം അഞ്ചാം നമ്പര്‍ ടണലില്‍ നടത്തിയ പരിശോധനയിലും ജോയിയെ കണ്ടെത്താനായില്ല. ടണലിന്റെ 70 ശതമാനത്തോളം പരിശോധിച്ചതായി ഫയര്‍ഫോഴ്സ് സംഘം പറഞ്ഞു. ടണലിന്റെ പുറക് വശത്ത് 30 മീറ്ററോളം ഉള്ളിലേക്ക് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാലിന്യ കൂമ്പാരം കട്ടിയായി കിടക്കുന്നതില്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമാവുകയാണെന്ന് സ്കൂബ ഡൈവിങ്ങ് സംഘം അറിയിച്ചു.
മൂന്നംഗ സംഘത്തിന്റെ നേതൃത്വത്തില്‍ ടണല്‍ ഏകദേശം പൂര്‍ണമായും പരിശോധിച്ചു. ഇനി വെള്ളം പമ്പ് ചെയ്ത് മാലിന്യം ഇളക്കിവിടാന്‍ ശ്രമം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് വെള്ളം പമ്പ് ചെയ്ത് മാലിന്യം ഇളക്കിവിടാന്‍ ശ്രമം തുടങ്ങുക. കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള സ്കൂബ ടീം തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്. വെള്ളം പമ്പ് ചെയ്ത് മാലിന്യം ഇളക്കിവിട്ടതിന് ശേഷം പരിശോധന തുടരും. നേവി സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചതായി റവന്യു മന്ത്രി കെ രാജന് അറിയിച്ചു. 31 മണിക്കൂറിലേക്കാണ് രക്ഷാദൗത്യം നീളുന്നത്.
രക്ഷാദൗത്യം ദുഷ്കരം, ജോയിക്കായി സ്കൂബാ സംഘം പരിശോധന നടത്തിയത് 8 തവണ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻറോബോട്ടിക് പരിശോധനയില്‍ മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെന്ന സംശയമുണ്ടായെങ്കിലും പിന്നീട് ഇത് മനുഷ്യ ശരീരമല്ലെന്ന് കണ്ടെത്തിയിരുന്നു. ടണലിന്റെ 70 ശതമാനം പരിശോധന നടത്തിയിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ ജോയിക്കുണ്ടായ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. അധികൃതര്‍ക്ക് കമ്മീഷന് നോട്ടീസയച്ചു. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്.