കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപി മുന് സംസ്ഥാന അധ്യക്ഷന് സി കെ പത്മനാഭന് പറഞ്ഞത് വാര്ത്തകളിലിടം നേടിയിരുന്നു. സുരേഷ് ഗോപി ഒരു ബിജെപി നേതാവാണെന്നോ ബിജെപി പ്രവര്ത്തകനാണെന്നോ പറയാന് സാധിക്കില്ല. സിനിമയാണ് അദ്ദേഹത്തിന്റെ പശ്ചാത്തലമെന്നുമാണ് സി കെ പത്മനാഭന് പറഞ്ഞത്.
'ഇന്ദിരാഗാന്ധിയാണ് ഭാരതത്തിന്റെ മാതാവെന്ന് സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹത്തെ കുറ്റപ്പെടുത്താന് തയ്യാറല്ല. അദ്ദേഹത്തിന് അങ്ങനയേ പറയാന് സാധിക്കൂ. അത്ര ചരിത്ര ബോധമെയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് കേരളത്തില് നിന്നും പുറത്ത് നിന്നും നിരവധി പേര് വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തു.' പ്രാദേശിക മാധ്യമമായ കണ്ണൂര് വിഷന് ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
എ പി അബ്ദുള്ളക്കുട്ടി ബിജെപിയില് വന്നതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടായോ എന്ന ചോദ്യത്തോട് പാര്ട്ടിക്ക് ഗുണം ഉണ്ടായില്ലെങ്കിലും അദ്ദേഹത്തിന് ഗുണം ഉണ്ടായെന്നായിരുന്നു സി കെ പത്മനാഭന് പറഞ്ഞത്. കോണ്ഗ്രസ് മുക്തഭാരതം എന്നത് ആലങ്കാരികമായി മാത്രമെ പറയാന് കഴിയൂ. പ്രായോഗികമല്ലെന്നും സി കെ പത്മനാഭന് പറഞ്ഞു.
കോണ്ഗ്രസ് ചരിത്ര പാരമ്പര്യമുള്ള പ്രസ്ഥാനമാണ്. ആളുകള് ബിജെപിയിലേക്ക് വരുന്നത് പാര്ട്ടിയുടെ ആദര്ശത്തിന്റെ പ്രേരണകൊണ്ടല്ല, അധികാര രാഷ്ട്രീയത്തോടുള്ള അഭിനിവേശം കൊണ്ടാണ്. അങ്ങനെ വരുന്നയാളുകളെ അടിസ്ഥാനപരമായ ചരിത്രവും സംസ്കാരവും ബോധ്യപ്പെടുത്തി വേണം പദവി കൊടുക്കാന്. അല്ലാത്ത പക്ഷം തെറ്റായ സന്ദേശം നല്കും. പാര്ട്ടിയെ വളര്ത്തിയെടുക്കാന് വേണ്ടി പ്രവര്ത്തിച്ചവരുണ്ട്. വെള്ളം കോരികളും വിറകുവെട്ടികളുമാണ് തങ്ങളെന്ന തോന്നലുണ്ടാവാന് അത് കാരണമാവും. ഏതെങ്കിലും കാലത്ത് ബിജെപി ക്ഷയിക്കുകയാണെങ്കില് അവര് പാര്ട്ടിയില് നില്ക്കില്ല. പുറത്തേക്ക് പോകുമെന്നും ഇപ്പോള് തന്നെ ചാഞ്ചല്ല്യം കാണിക്കുന്നയാളുകളുണ്ടെന്നും ഇവരെ എഴുന്നള്ളിച്ചു നടക്കേണ്ട ദുര്വിധി പാര്ട്ടിക്കുണ്ടെന്നും സി കെ പത്മനാഭന് തുറന്നടിച്ചു.
സിപിഐഎമ്മിന് ബംഗാളിലെയും ത്രിപുരയിലെയും സ്ഥിതിയുണ്ടാവില്ലെന്നാണ് വിശ്വസിക്കുന്നത്. സംഘടനാപരമായ നെറ്റ്വര്ക്ക് ശക്തമാണ്. ധാഷ്ഠ്യം ഒഴിവാക്കിയില്ലെങ്കില് സിപിഐഎം അണികള് വെറുക്കും. പിണറായി വിജയന് സ്വര്ണ്ണം കടത്തിയെന്നൊക്കെ പറയുന്നതില് അര്ത്ഥമൊന്നുമില്ല. മറ്റു പല അഴിമതിയിലും അദ്ദേഹം പങ്കാളിയാണെന്നും അഭിപ്രായപ്പെട്ടു.