ഹരിപ്പാട്: നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തിയ കള്ളനെ ഒടുവില് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈർ (51) ആണ് മാവേലിക്കര പൊലീസിൻ്റെ പിടിയിലായത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ അഞ്ചോടെ മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിലൂടെ നടന്നു വന്ന സുബൈറിനെ കണ്ട് സംശയം തോന്നിയ ഗേറ്റ് കീപ്പറാണ് പൊലീസിനെ അറിയിച്ചതെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടെ നൂറോളം മോഷണങ്ങളാണ് ഇയാൾ നടത്തിയത്. ഏഴ് ലക്ഷത്തിലധികം രൂപ സുബൈർ അപഹരിച്ചതായാണ് കണക്ക്.
കൊല്ലം ശൂരനാട് സ്വദേശിയായ പക്കി സുബൈർ (51) 2022 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കൊല്ലം, ആലപ്പുഴ ജില്ലകളിലെ കൊല്ലം, ഓച്ചിറ, കരുനാഗപ്പള്ളി, മാവേലിക്കര, ഹരിപ്പാട്, കരീലക്കുളങ്ങര, കായംകുളം, അമ്പലപ്പുഴ, ചെങ്ങന്നൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വ്യാപകമായി മോഷണം നടത്തിയിട്ടുണ്ട്. രാത്രി ട്രെയിനിലാണ് സുബൈർ മോഷണത്തിനെത്തുക. ട്രാക്കിലൂടെ നടന്ന് മോഷണത്തിനുള്ള വീടുകളും കടകളും കണ്ടെത്തും. മോഷണം കഴിഞ്ഞ് ട്രാക്കിലൂടെ തന്നെ നടക്കും. നേരം പുലരുമ്പോഴേക്കും ട്രെയിനിലോ ബസ്സിലോ മടങ്ങും. എല്ലാ ദിവസവും മോഷ്ടിക്കാനിറങ്ങുന്ന ഇയാള് വളരെ പെട്ടെന്നാണ് അപ്രത്യക്ഷനാകുന്നത്. ഏറെദൂരം കടന്ന് മോഷണം നടത്തുന്നതിനാൽ പൊലീസ് തന്നെയാണ് പക്കി സുബൈർ എന്ന പേരിട്ടത്.