തൃശ്ശൂര്: മനുവ്യാവകാശ ലംഘനം പതിവാണെന്ന ആക്ഷേപം നിലനില്ക്കെ വിയ്യൂര് അതീവ സുരക്ഷാ ജയിലില് തടവുകാര്ക്ക് പുസ്തകങ്ങള് നിഷേധിക്കുന്നതായും പരാതി. 2019ല് വിയ്യൂരില് ആരംഭിച്ച സുരക്ഷാ ജയിലില് രാഷ്ട്രീയ തടവുകാരെയാണ് പ്രധാനമായും പാര്പ്പിച്ചിരിക്കുന്നത്. ഇവിടെയുളള്ള തടവുകാര് നിരവധി മനുഷ്യാവകാശ ലംഘനങ്ങള് നേരിടുന്നതായി നേരത്തെ എന്ഐഎ കോടതി തന്നെ നിരീക്ഷിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോള് തടവുകാര്ക്ക് വായനക്കായെത്തിക്കുന്ന പുസ്തകങ്ങള് നല്കുന്നില്ലെന്ന ആക്ഷേപവും ഉയര്ന്നിരിക്കുന്നത്.
തടവുകാര്ക്ക് പുസ്തകം എത്തിക്കുന്നത് തടയുന്ന സമീപനമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ജയില് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ജയില് സന്ദര്ശിച്ച മനുഷ്യാവകാശ പ്രവര്ത്തനും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിലെ അംഗവുമായ എസ് ഹരി പറയുന്നു. തടവുകാര്ക്കായെത്തിക്കുന്ന പുസ്തകം പലപ്പോഴും ജയിലിലെ വെല്ഫെയര് ഓഫീസര് തടഞ്ഞുവെക്കുകയാണെന്നാണ് ആക്ഷേപം. നേരത്തെ ജയിലില് തടവില് കഴിഞ്ഞിരുന്ന രണ്ട് തടവുകാരുടെ പരാതിയില് തടവുകാരുടെ അവകാശങ്ങള് ഉറപ്പാക്കണമെന്ന എന്ഐഎ കോടതിയുടെ വിധിയുണ്ടായിരുന്നു. ഈ വിധിപോലും മുഖവിലക്കെടുക്കാതെയാണ് പല കാര്യങ്ങളിലും ജയില് അധികൃതരുടെ തടവുകാരോട് ഇപ്പോഴുള്ള സമീപനം.
തടവുകാരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാതെ ജയിലിലെ നിയമങ്ങളില് അധികൃതര് അടിക്കടി മാറ്റങ്ങള് കൊണ്ടുവരികയാണ്. ഇക്കാര്യം ജയിലിലെ ഉദ്യോഗസ്ഥര് മാത്രം അറിഞ്ഞാല് മതി എന്ന നിലപാടാണ് വിയ്യൂര് അതീവ സുരക്ഷാ ജയിലിനുള്ളത്. മുമ്പ് ഒരു തടവുകാരനെ കാണാന് ജയില് സന്ദര്ശിക്കുമ്പോള് സഹതടവുകാരനുമുള്ള പുസ്തകങ്ങള് എത്തിച്ചുകൊടുക്കാനുള്ള സൗകര്യം ജയിലില് ഉണ്ടായിരുന്നു. എന്നാല്, ഇപ്പോള് ഏത് തടവുകാരനെയാണോ നമ്മള് കാണുന്നത് അദ്ദേഹത്തിനുള്ള പുസ്തകങ്ങള് മാത്രമേ എത്തിച്ചുകൊടുക്കാന് പറ്റൂ എന്നാണ് ജയില് അധികൃതരുടെ വാദമെന്നും ഹരി പറയുന്നു.
മുമ്പ് തടവുകാര്ക്ക് കൈമാറുന്ന പുസ്തകങ്ങളുടെ പട്ടിക അടക്കം വെല്ഫെയര് ഓഫീസര്ക്ക് അപേക്ഷ കൊടുത്താല് മതിയായിരുന്നു. എന്നാല്, ഇപ്പോള് അപേക്ഷ സുപ്രണ്ടിന് കൈമാറണം. എന്നാല്, തുടര്ന്ന് വീണ്ടും വെല്ഫെയര് ഓഫിസറുടെ അനുമതി വേണ്ട സ്ഥിതിയാണ് പുസ്തകങ്ങള് കൈമാറാന്. പോസ്റ്റല് സര്വീസ് വഴി പുസ്തകങ്ങള് അയച്ചാലും വെല്ഫെയര് ഒഫീസറോ ജയില് അധികൃതരോ അത് തടവുകാര്ക്ക് കൊടുക്കാറില്ല. വെല്ഫെയര് ഓഫീസര് പുസ്തകങ്ങള് ഒപ്പിട്ടുവാങ്ങും. എന്നിട്ട് തടവുകാരന് ഈ പുസ്തകം കൊടുക്കില്ല.
തടവുകാരന് അവര്ക്ക് അനുവദിച്ചിട്ടുള്ള ഫോണ് കോള് വഴി വീട്ടുകാരോടോ സുഹൃത്തുക്കളോടോ പുസ്തകം കിട്ടിയില്ലെന്ന് പറയുമ്പോളായിരിക്കും ജയിലില് പുസ്തകം എത്തിയ കാര്യം അറിയുക. പോസ്റ്റ് ഓഫീസ് വഴി വരുന്ന പുസ്തകങ്ങള് തരാന് പറ്റില്ലാ എന്നാണ് ഈ സംഭവത്തില് വെല്ഫെയര് ഓഫീസറുടെ വിശദീകരണം. പിന്നീട് മാസങ്ങള് കഴിഞ്ഞ് ബന്ധുക്കളോ സുഹൃത്തുക്കളോ തടവുകാരനെ കാണാന് പോകുമ്പോള് ആയിരിക്കും വെല്ഫെയര് ഓഫീസില് നിന്നും പുസ്തം തിരിച്ചു വാങ്ങി തടവുകാരന് കൊടുക്കുന്നത്.
അതീവ സുരക്ഷാ ജയിലില് നടക്കുന്ന നിയമവിരുദ്ധ പ്രവര്ത്തനങ്ങള്ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥരെ വീഡിയോ കോളില് വിളിച്ചുവരുത്തി എന്ഐഎ കോടതി തന്നെ എതിര്പ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നിട്ടും തടവുകാരോടുള്ള സമീപനം തിരുത്താന് അധികൃതര് തയ്യാറായിട്ടില്ല. ജയിലിരുന്നു പഠനം തുടരുന്നവരുടെ പഠനം മുടക്കുന്ന സമീപനം കൂടി ജയില് ഉദ്യോഗസ്ഥര് സ്വീകരിക്കുന്നുണ്ട്. വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നവരുടെ പുസ്തകങ്ങള് കൃത്യമായി എത്തിച്ചു കൊടുക്കാതിരിക്കല്, മറ്റു പഠന സാമഗ്രികള് തടഞ്ഞുവെക്കല് തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളും അധികൃതര് നടത്തുന്നുണ്ട്.
'അനീഷ് ബാബു എന്ന എഞ്ചിനീയറിങ്ങ് വിദ്യാര്ഥിക്ക് പഠന ആവശ്യങ്ങള്ക്ക് വേണ്ടി സയന്റിഫിക് കാല്ക്കുലേറ്റര് എന്ഐഎ കോടതി അനിവദിച്ചിരുന്നു. എന്നാല്, ഒരു മണിക്കൂര് മാത്രമേ കാല്ക്കുലേറ്റര് ഉപയോഗിക്കാന് ജയിലധികൃതര് അനീഷിന് അനുമതി നല്കുന്നുള്ളൂ. എഞ്ചിനീയറിങ്ങ് കോഴ്സ് തുടര്ന്നു പഠിക്കാന് ആഗ്രഹിക്കുന്ന ഒരാളെ പഠിക്കാനും അനുവദിക്കുന്നില്ല എന്ന സാഹചര്യമാണ് ജയിലിലുള്ളത്. ജയിലില് ബഹഭൂരിപക്ഷം പേരും വിചാരണ തടവുകാരാണ്. വിചാരണ പോലും പൂര്ത്തിയാവാതെ വര്ഷങ്ങളോളം കിടക്കുന്ന തടവുകാരാണ്. ഇവരൊക്കെ കുറ്റക്കാര് ആണെന്ന് ജയിലിലെ ഉദ്യോഗസ്ഥര് സ്വയം വിചാരിച്ച് പെരുമാറുന്ന സാഹചര്യമാണ്.
തടവുകാരെ സന്ദര്ശിക്കുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും ജയില് അധികൃതര് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. തടവുകാരെ സന്ദര്ശിക്കുന്നവര്ക്ക് ഇരിപ്പിടം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളൊന്നും അതീവ സുരക്ഷ ജയിലില് ഒരുക്കിയിട്ടില്ല. നേരത്തെ സന്ദര്ശകര്ക്ക് ഇരിക്കാന് കുറച്ച് പ്ലാസ്റ്റിക് കസേരകള് ഇട്ടിരുന്നു. ഇപ്പോള് അവിടെ അതും ഇല്ലെന്നും ഹരി പറയുന്നു.