തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയെ രക്ഷിക്കാനാകാത്തതിൽ വിതുമ്പി മേയർ ആര്യ രാജേന്ദ്രൻ. മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ നിന്നാണ് മേയർ പൊട്ടിക്കരഞ്ഞത്. ജോയിയെ കിട്ടാൻ വൈകുമ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് ആര്യ പറഞ്ഞു. മറ്റെന്തെങ്കിലും സംഭവിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമായിരുന്നുവെന്നും അവര് കൂട്ടിച്ചേര്ത്തു. എംഎൽഎ സി കെ ഹരീന്ദ്രനോട് കാര്യങ്ങൾ വിശദീകരിക്കവേയാണ് മേയർ വികാരാധീനയായത്. ആമയിഴഞ്ചാൻ തോടിൽ മാലിന്യങ്ങൾ കുന്നുകൂടിയതിനു പിന്നാലെ കോർപ്പറേഷനെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
ആമയിഴഞ്ചാന് തോട്ടില് കാണാതായ ജോയിക്കായുള്ള തെരച്ചില് മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. റെയില്വേയില് നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന തകരപ്പറമ്പ് ഭാഗത്തെ കനാലിലാണ് മൃതദേഹം ജീര്ണിച്ച അവസ്ഥയില് കണ്ടെത്തിയത്. 46 മണിക്കൂറിലേറെ നീണ്ട തെരച്ചില് ശ്രമങ്ങളാണ് വിഫലമായത്. കാണാതായ സ്ഥലത്ത് നിന്ന് ഒരു മീറ്റർ അകലെയായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
അപകടത്തില് ഹൈക്കോടതി സ്വമേധയാ ഹര്ജി സ്വീകരിച്ചിട്ടുണ്ട്. ഹര്ജി വൈകിട്ട് നാലിന് പ്രത്യേക ഡിവിഷന് ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യന് തോമസ്, പി ഗോപിനാഥ് എന്നിവര് ഉള്പ്പെട്ട ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്. അതേസമയം, ജോയിയുടെ മരണവാര്ത്ത ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജോയിയുടെ ദാരുണമായ മരണത്തില് അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില് പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി വാര്ത്താക്കുറിപ്പില് അറിയിച്ചു.