രോഗി ലിഫ്റ്റില് കുടുങ്ങിയ സംഭവം ഞെട്ടിക്കുന്നത്; ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ്

"മാലിന്യ നീക്കം പൂര്ണമായും നിലച്ച് കേരളം പകര്ച്ചവ്യാധികളുടെ പിടിയില് അകപ്പെട്ടിട്ടും രക്തഹാരം അണിയിച്ച് ക്രിമിനലുകളെ പാര്ട്ടിയിലേക്ക് ആനയിക്കുന്ന തിരക്കിലാണ് ആരോഗ്യമന്ത്രി"

dot image

തിരുവനന്തപുരം: മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സക്കെത്തിയ വയോധികന് രണ്ടുദിവസം ലിഫ്റ്റില് കുടുങ്ങി കിടന്നെന്ന വാര്ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇത്രയും തിരക്കുള്ളൊരു മെഡിക്കല് കോളജിലെ ഒ പി വിഭാഗത്തില് ചികിത്സയ്ക്കെത്തിയ ആള് രണ്ട് രാത്രിയും ഒരു പകലും ലിഫ്റ്റില് കുടുങ്ങിക്കിടന്ന സംഭവത്തില് സര്ക്കാരിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും ഒരു ഉത്തരവാദിത്തവും ഇല്ലേ എന്ന് വിഡി സതീശന് ചോദിച്ചു.

'മാലിന്യ നീക്കം പൂര്ണമായും നിലച്ച് കേരളം പകര്ച്ചവ്യാധികളുടെ പിടിയില് അകപ്പെട്ടിട്ടും രക്തഹാരം അണിയിച്ച് ക്രിമിനലുകളെ പാര്ട്ടിയിലേക്ക് ആനയിക്കുന്ന തിരക്കിലാണ് ആരോഗ്യമന്ത്രി. ആരോഗ്യ മേഖലയില് കേരളം കാലങ്ങള്കൊണ്ട് ആര്ജ്ജിച്ചെടുത്ത നേട്ടങ്ങളെയൊക്കെ ഇല്ലാതാക്കുന്ന സംഭവങ്ങളാണ് ഈ സര്ക്കാരിന്റെ കാലത്ത് നടക്കുന്നത്. ആരോഗ്യ മേഖലയും സര്ക്കാര് ആശുപത്രികളും ഇത്രയും അനാഥമായൊരു കാലഘട്ടം ഇതിന് മുന്പ് കേരളത്തിലുണ്ടായിട്ടില്ല. പകര്ച്ചപ്പനി വ്യാപകമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സര്ക്കാരും വകുപ്പ് മന്ത്രിയും നോക്കി നില്ക്കുകയാണ്. നിലവിലെ ഗുരുതരമായ സാഹചര്യത്തില് ഒരു നിമിഷം സ്ഥാനത്ത് തുടരാനുള്ള അര്ഹത ആരോഗ്യമന്ത്രിക്കില്ല. എത്രയും വേഗം അവര് രാജിവച്ച് പുറത്തു പോകുന്നതാണ് പൊതുസമൂഹത്തിനും നല്ലത്.' വി ഡി സതീശന് പറഞ്ഞു.

ശനിയാഴ്ച്ച നടുവേദനയുടെ ചികിത്സക്കെത്തിയ തിരുമല രവിയാണ് ലിഫ്റ്റില് കുടുങ്ങിയത്. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റര് എത്തിയപ്പോഴായിരുന്നു രവി ലിഫ്റ്റില് കുടുങ്ങിയ വിവരം അറിഞ്ഞത്. സുപ്രണ്ട് ഓഫീസിലെ ഒ പി ബ്ലോക്ക് ലിഫ്റ്റിലായിരുന്നു രവി കുടുങ്ങിയത്. സംഭവത്തില് രണ്ട് ലിഫ്റ്റ് ഓപ്പറേറ്റര്മാരെയും ഡ്യൂട്ടി സര്ജനെയും സസ്പെന്ഡ് ചെയ്തിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്ക്ക് നിര്ദേശം നല്കിയിരുന്നു. മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്, പ്രിന്സിപ്പല്, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്ന്നാണ് നടപടി. സിപിഐ തിരുമല ലോക്കല് സെക്രട്ടറിയാണ് തിരുമല രവി.

dot image
To advertise here,contact us
dot image