'സത്യസന്ധത ബോധ്യപ്പെടുത്തണം'; പാർട്ടി നടപടിയിൽ അപ്പീലുമായി പ്രമോദ് കോട്ടൂളി

ഗൂഢാലോചന എന്തിന് എന്നത് മാത്രം മനസ്സിലാകുന്നില്ലെന്നും പ്രമോദ് കോട്ടൂളി പറയുന്നു

dot image

കോഴിക്കോട്: പിഎസ്സി കോഴയാരോപണത്തിൽ തന്നെ പുറത്താക്കിയ സിപിഐഎം നടപടിയ്ക്കെതിരെ അപ്പീലുമായി ടൗൺ ഏരിയ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളി. പാർട്ടി കൺട്രോൾ കമ്മീഷനും സംസ്ഥാന സെക്രട്ടറിക്കും കത്ത് നൽകും. എന്താണ് നടന്നതെന്ന് കൺട്രോൾ കമ്മീഷന് മുന്നിൽ പ്രമോദ് വിശദീകരിക്കും. സത്യസന്ധത ബോധ്യപ്പെടുത്തണം എന്നതാണ് ലക്ഷ്യമെന്നും അന്വേഷണക്കമ്മീഷൻ തൻ്റെ ഭാഗം കേട്ടിട്ടില്ലെന്നുമാണ് പ്രമോദ് കോട്ടൂളി പറയുന്നത്. പരാതിക്കാരൻ തന്നെ പണം നൽകിയില്ലെന്ന് പറഞ്ഞു. കൂടുതൽ പറയേണ്ടത് ശ്രീജിത്താണ്. ഗൂഢാലോചന എന്തിന് എന്നത് മാത്രം മനസ്സിലാകുന്നില്ലെന്നും പ്രമോദ് കോട്ടൂളി പറയുന്നു.

പ്രമോദ് കോട്ടൂളിയെ പാര്ട്ടിയില് നിന്ന് പുറത്താക്കിയതായി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനനാണ് പ്രഖ്യാപിച്ചത്. പാര്ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നും പിഎസ്സി കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്ട്ടിക്ക് ലഭിച്ചിട്ടില്ലെന്നുമായിരുന്നു പി മോഹനന്റെ പ്രതികരണം. പാര്ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്ട്ടിയുടെ സല്പ്പേരിന് കളങ്കമുണ്ടാക്കിയതിനുമാണ് നടപടിയെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. പാര്ട്ടി ഭരണഘടന അനുസരിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് നടപടി. ഏകകണ്ഠമായാണ് പ്രമോദിനെ പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയെടുത്തതെന്നും പി മോഹനന് പറഞ്ഞിരുന്നു.

പിഎസ്സി നിയമന വിവാദത്തില് പരാതിക്കാരന്റെ വീടിന് മുന്നില് പ്രമോദ് സമരം സംഘടിപ്പിച്ചിരുന്നു. സംഭവത്തില് പാര്ട്ടിക്ക് പരാതി നല്കിയ ചേവായൂര് സ്വദേശി ശ്രീജിത്തിന്റെ വീട്ടിന് മുന്നിലായിരുന്നു സമരം. അമ്മയും മകനും പ്രമോദിനൊപ്പമുണ്ടായിരുന്നു. തനിക്കെതിരെയുള്ള ആരോപണത്തില് മറുപടി കിട്ടാനുള്ള പ്രതിഷേധമാണിതെന്നായിരുന്നു പ്രമോദിന്റെ പ്രതികരണം. എന്തിനാണ് തന്നെ വേട്ടയാടുന്നതെന്നും തന്നെ മാഫിയക്കാരനാക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഹമ്മദ് റിയാസ് സഹോദര തുല്യനാണ്. സഹോദരന് മറ്റൊരു സഹോദരനെ ബലിയാടാക്കില്ല. നമ്പി നാരായണന് വേട്ടയാടപ്പെട്ടതിന് തുല്യമായ വേട്ടയാടലാണ് ഞാന് ഇപ്പോള് അനുഭവിക്കുന്നത്. കൃത്യമായ തെളിവില്ലാതെ തന്നെ അക്രമിക്കുകയാണ്. ഏത് അന്വേഷണത്തിനും താന് തയ്യാറാണ്. ഈ വിഷയത്തില് ഏരിയ കമ്മിറ്റി ഒന്നും തന്നെ അറിയിച്ചിട്ടില്ല. തന്നെ കുടുക്കാന് ശ്രമിച്ച എല്ലാ വിവരങ്ങളും പാര്ട്ടി പുറത്ത് പറയണമെന്നും പ്രമോദ് പ്രതികരിച്ചിരുന്നു.

പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചര്ച്ച ചെയ്യാന് ചേര്ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില് തര്ക്കം ഉടലെടുത്തിരുന്നു. പ്രമോദിന്റെ റിയല്എസ്റ്റേറ്റ് ബന്ധത്തെ ചൊല്ലിയാണ് നേതാക്കള് തമ്മില് തര്ക്കിച്ചത്. പരസ്യ കമ്പനി നടത്തുന്ന മറ്റൊരു ജില്ലാ കമ്മറ്റി അംഗത്തിനും വന്കിട റിയല് എസ്റ്റേറ്റ് ബന്ധങ്ങള് ഉണ്ടെന്നും ഇയാള്ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഒരു വിഭാഗം ചോദിച്ചു. പ്രമോദിനെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടപ്പോള് സസ്പെന്ഷനോ തരംതാഴ്ത്തലോ മതിയെന്ന നിലപാടിലായിരുന്നു എതിര്പക്ഷം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us