കണ്ണൂര്: പെട്രോള് പമ്പില് ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാന് ശ്രമിച്ച പൊലീസുകാരന് അറസ്റ്റില്. എആര് ക്യാമ്പ് ഡ്രൈവര് സന്തോഷ് കുമാറാണ് അറസ്റ്റിലായത്. കണ്ണൂര് ടൗണ് പൊലീസാണ് സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാള്ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തിരുന്നു.
ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ കണ്ണൂര് ടൗണിലെ എന്കെബിടി പെട്രോള് പമ്പിലായിരുന്നു പൊലീസുകാരന്റെ അതിക്രമം. പെട്രോള് അടിക്കാന് എത്തിയതായിരുന്നു സന്തോഷ്കുമാര്. 2100 രൂപയ്ക്ക് പെട്രോള് അടിക്കാന് ആവശ്യപ്പെട്ടു. ഫുള്ടാങ്ക് അടിച്ച ശേഷം 1900 രൂപ നല്കി. ബാക്കി 200 രൂപ നല്കാന് കൂട്ടാക്കിയില്ല. പണം ആവശ്യപ്പെട്ടപ്പോള് വണ്ടിയില് നിന്ന് തിരിച്ചെടുത്തോയെന്നായിരുന്നു മറുപടി. പണം നല്കാതെ പോകാനുള്ള ശ്രമം പമ്പ് ജീവനക്കാരന് അനില്കുമാര് തടഞ്ഞു. കാറിന്റെ ബോണറ്റില് തൂങ്ങിക്കിടന്ന അനിലുമായി ഇയാള് ട്രാഫിക് പൊലീസ് സ്റ്റേഷന് വരെ സഞ്ചരിച്ചു. കുറച്ചു ദൂരം കൂടെ പോയിരുന്നെങ്കില് ജീവന് നഷ്ട്ടപ്പെടുമായിരുന്നുവെന്നാണ് അനില് പ്രതികരിച്ചത്.
പെട്രോള് പമ്പ് ജീവനക്കാര്ക്ക് എതിരെ അതിക്രമങ്ങള് കൂടി വരികയാണെന്നും പമ്പിലെ ജീവനക്കാരുടെ സുരക്ഷയില് നടപടി വേണമെന്നും അനില് ആവശ്യപ്പെട്ടു. മുമ്പ് കണ്ണൂരിലെ മറ്റൊരു പെട്രോള് പമ്പില് ജീപ്പ് ഇടിച്ചു കയറ്റിയതും ഇതേ പൊലീസുകാരനാണ്.
സംസ്ഥാനത്തുടനീളം മാലിന്യനീക്കം സ്തംഭിച്ചു, സര്ക്കാര് നോക്കുകുത്തി: വി ഡി സതീശന്