കോട്ടയം: വാകത്താനം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്ഗ്രസ് - യൂത്ത് കോണ്ഗ്രസ് തര്ക്കത്തില് കെപിസിസി നേതൃത്വം ഇടപെട്ടെങ്കിലും പരിഹാരം ഉണ്ടായില്ല. സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കുന്ന യൂത്ത് കോണ്ഗ്രസ് നേതാവ് സാമോന് വര്ക്കിയെ യുഡിഎഫ് പാനലില് ഉള്പ്പെടുത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല. കെപിസിസി അധ്യക്ഷന്റെ നിര്ദ്ദേശം അംഗീകരിക്കാത്തതില് യൂത്ത് കോണ്ഗ്രസ് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
സമോന് വര്ക്കിയെ യു ഡി എഫ് പാനലില് ഉള്പ്പെടുത്തണം എന്നാവശ്യപ്പെട്ട് കെ പി സി സി ജനറല് സെക്രട്ടറി കോട്ടയം ഡിസിസി പ്രസിഡന്റ്റിനു കത്ത് നല്കിയിരുന്നു. എന്നാല് കത്ത് ലഭിച്ചിട്ടും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന് ബന്ധപ്പട്ടവര് തയ്യാറായില്ലെന്നാണ് യൂത്ത് കോണ്ഗ്രസ് ആക്ഷേപം. യൂത്ത് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയെ പാനലില് ഉള്പ്പെടുത്തണമെങ്കില് നിലവിലെ പാനലിലെ 40 വയസ്സിനു താഴെയുള്ള പൊതു വിഭാഗത്തില് മത്സരിക്കുന്നയാള് നാമ നിര്ദേശ പത്രിക പിന്വലിക്കണം. ഇന്ന് വൈകുന്നേരം 5 മണി ആയിരുന്നു അതിനുള്ള അവസാന ദിവസം. എന്നാല് സ്ഥാനാര്ത്ഥി പത്രിക പിന്വലിക്കാന് തയ്യാറാകാതെ വന്നതോടെ, യൂത്ത് കോണ്ഗ്രസിന് യുഡിഎഫ് പാനലില് മത്സരിക്കാന് കഴിയില്ല. ഇതോടെ സ്വതന്ത്രമായി തന്നെ മത്സരിക്കാനാണ് യൂത്ത് കോണ്ഗ്രസ് തീരുമാനം. കെപിസിസി പ്രസിഡന്റിന്റെ വാക്കിന് പോലും പ്രാദേശിക നേതാക്കള് വിലകൊടുക്കുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്.
യൂത്ത് കോണ്ഗ്രസ് പ്രതിനിധിയെ മത്സരിപ്പിക്കണം; വാകത്താനം ബാങ്ക് തിരഞ്ഞെടുപ്പില് ഇടപെട്ട് കെപിസിസി