കേരളത്തെ ഛിന്നഭിന്നമാക്കിയ 99ലെ പ്രളയത്തിന് നൂറുവര്‍ഷം

ഒരു നാട് തന്നെ ഇല്ലാതാക്കിയ 99ലെ പ്രളയത്തിന് 100 വര്‍ഷം തികയുന്നു

dot image

ഈ ജൂലൈ മാസം, മലയാളികളെ സംബന്ധിച്ച് നമ്മുടെ പൂര്‍വികര്‍ അതിജീവിച്ച ഒരു മഹാവിപത്തിന്റെ ഓര്‍മകള്‍ കൂടിയാണ്. ആധുനിക കേരളം സാക്ഷ്യം വഹിച്ച മഹാപ്രളയത്തിന്റെ ഓര്‍മകള്‍ക്ക് 100 വയസ്സ് തികയുന്നു…

1924 ജൂലൈ മാസത്തിലാണ് ഒരു നാടിനെ തന്നെ പ്രളയം അരങ്ങേറിയത്. കൊല്ല വര്‍ഷം 1099 ലുണ്ടായ പ്രളയമായതിനാല്‍ ആ ഭീതിനിറഞ്ഞ ഓര്‍മയെ 99ലെ പ്രളയമെന്ന് വിശേഷിപ്പിക്കുന്നു. എല്ലാകാലത്തും മലയാളികളുടെ ഭയപ്പെടുത്തുന്ന ഓര്‍മകളിലൊന്നാണ് 99ലെ പ്രളയം.

ഇരുണ്ടുമൂടിയ ആകാശത്തു നിന്ന് അന്ന് വെള്ളം കുത്തിയൊലിച്ചൊഴുകി. ഇടമുറിയാതെ മൂന്നാഴ്ച കാലവര്‍ഷം കലിതുള്ളി പെയ്തിറങ്ങി. ഇന്നത്തെ മധ്യകേരളത്തെയാണ് വെള്ളപ്പൊക്കം ഏറ്റവും സാരമായി ബാധിച്ചത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളെയെല്ലാം ഒരുപോലെ ബാധിച്ചു. മഴയും മലവെള്ളത്തിനുമൊപ്പം കടലാക്രമണവും നാശം വിതച്ചു.

തോരാമഴമൂലം തെക്കന്‍ തിരുവിതാംകൂറിന്റെയും വടക്കന്‍ മലബാറിന്റെയും താഴ്ന്ന പ്രദേശങ്ങളില്‍ ഇരുപതടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്. ആലപ്പുഴ ജില്ല പൂര്‍ണമായി പ്രളയജലത്തിലും കടല്‍ക്ഷോഭത്തിലും മുങ്ങി. കരമാര്‍ഗവും ജലമാര്‍ഗവുമുള്ള ഗതാഗതങ്ങളെല്ലാം തടസ്സപ്പെട്ടു. ഒട്ടേറെ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. തപാല്‍ സംവിധാനം ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ഒന്നാകെ നിലച്ചു. വെള്ളത്തിനൊപ്പം പട്ടിണിയും ദാരിദ്ര്യവും ഇരച്ചു കയറി. ആധുനിക രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളോ ദുരിതാശ്വാസ ക്യാമ്പുകളോ ഒന്നുമില്ലാതിരുന്ന ആ കാലത്ത് ഉണ്ടായ ആള്‍നാശവും വിഭവനാശവും എത്രയാണെന്നത് പോലും കൃത്യമായി കണക്കാക്കാനായിട്ടില്ല.

സമതലങ്ങളില്‍ മാത്രമല്ല, സമുദ്രനിരപ്പില്‍ നിന്ന് 5000-6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ വരെ പ്രളയത്തില്‍ മുങ്ങിയതാണ് കൂടുതല്‍ ഭീകരമായത്. ആധുനിക നഗരങ്ങളുടെ മാതൃകയില്‍ ഇന്നത്തെ വികസിത നഗരങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മൂന്നാര്‍ എന്ന സ്വപ്നലോകം വെള്ളത്തില്‍ പാടേ ശവപ്പറമ്പായി. 1902 ല്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിയ മൂന്നാര്‍ -തേനി റെയില്‍പാത വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. പിന്നീട് ഇതുവരെ മൂന്നാറില്‍ റെയില്‍ വന്നിട്ടില്ല. പ്രളയത്തില്‍ തകര്‍ന്നുപോയ ഭാഗത്തുനിന്ന് ഒരു കിലോമീറ്റര്‍ മാറി പുനര്‍നിര്‍മിച്ച മൂന്നാറാണ് ഇന്ന് നാം കാണുന്നത്.

മഹാപ്രളയത്തില്‍ എത്ര പേര്‍ മരിച്ചു എന്നതിന് കൃത്യമായ കണക്കില്ല. ആയിരത്തിലേറെയന്ന് പറയുന്നു. വെള്ളം പൊങ്ങിയ പല നാടുകളില്‍ നിന്നും ജനം ഉയര്‍ന്ന മേഖലകളിലേക്ക് പലായനം ചെയ്തു. അതിനു ശേഷം കേരളത്തെ പിടിച്ചുലച്ച പല വെള്ളപ്പൊക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മൂന്നാര്‍ മലമുകളിനെ വരെ കവര്‍ന്നെടുത്തുകൊണ്ട് ജലം ഇരച്ചുകയറിയ ആ മഹാപ്രളയം തന്നെയാണ് ആധുനിക കാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്നു പറയപ്പെടുന്നത്.

dot image
To advertise here,contact us
dot image