മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും വ്യാപകമായി പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരളതീരത്ത് 75 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. കൂടുതൽ ഡാമുകൾ തുറന്നേക്കും.

കടൽക്ഷോഭം ഉണ്ടാകാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലകൾ ഉണ്ടാകും. കണ്ണൂർ, കാസർകോട് ജില്ലകളിൽ കടൽതീരത്ത് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം കോഴിക്കോട് ജില്ലകളിലും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകി.

തെക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ടയിലും കൊല്ലത്തും കാറ്റിലും മഴയിലും രണ്ട് വീടുകൾക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. മരങ്ങൾ കടപുഴകി വീണ് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിൽ രാത്രിയിൽ ശക്തമായ മഴയാണ് പെയ്തത്. പമ്പ അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് അല്പം ഉയർന്നിട്ടുണ്ട്. രാവിലെ മഴയുടെ ശക്തി കുറഞ്ഞു.

ശക്തമായ കാറ്റിൽ കോട്ടയം കുമ്മനം ക്ഷേത്ര പരിസരത്ത് മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. ഇളങ്കാവ് ദേവീക്ഷേത്ര പരിസരത്തെ കൂറ്റൻ മരമാണ് കടപുഴകി വീണത്. ഒന്നര വർഷം മുമ്പ് നിർമിച്ച നടപ്പന്തൽ തകർന്നു. വൈകീട്ട് ഏഴരയോടെയാണ് ശക്തമായ കാറ്റ് വീശിയത്. ഇടുക്കിയിൽ പുലർച്ചയോടെ മഴക്ക് നേരിയ ശമനമുണ്ട്. രാത്രി അതിശക്തമായ കാറ്റും മഴയും രേഖപ്പെടുത്തിയിരുന്നു. മഴയെ തുടർന്ന് കല്ലാർകൂട്ടി, കല്ലാർ, അണക്കെട്ടുകൾ തുറന്നു. കല്ലാർകൂട്ടി അണക്കെട്ടിൻ്റെ നാല് ഷട്ടറുകളും ഉയർത്തി. ലോവർപെരിയാർ വൈദ്യുതി നിലയത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പാറക്കല്ലുകൾ വീണ് രണ്ട് ഫീഡറുകളാണ് തകർന്നത്. തലനാരിഴയ്ക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. രണ്ട് ദിവസമായി ഒന്നരക്കോടിയുടെ നഷ്ടമാണ് സംഭവിച്ചത്.

Red Heart

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us