തിരുവനന്തപുരം: അധ്യാപകർ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ കണ്ടെത്താനും തിരുത്താനും പുരോഗമന ആഭിമുഖ്യമുള്ള അധ്യാപക സംഘടനകൾ തയ്യാറാകണം. കേരളത്തിലെ പത്താം ക്ലാസ് വിജയം വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ വിദ്യാർത്ഥികളുടെ ഗുണനിലവാരം സംബന്ധിച്ച കാര്യം ചർച്ചയാകുകയാണ്. ഇവർ അടിസ്ഥാന ശേഷി നേടിയെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. മികവ് ക്യാമ്പയിനിലൂടെ അത് അധ്യാപകർ പ്രാവർത്തികമാക്കണമെന്നും കെഎസ്ടിഎ മികവ് 2024 പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ എസ്എസ്എല്‍സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പരാമർശം വിവാദമായിരുന്നു. പ്രതിപക്ഷ ഭരണപക്ഷം ഒന്നടങ്കം അദ്ദേഹത്തെ എതിർത്തിരുന്നു. സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമെന്നാണ് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാര്‍ത്ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതി പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും ശിവൻകുട്ടി പ്രതികരിച്ചിരുന്നു.
സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ടെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞിരുന്നു.
വിവാദങ്ങൾക്ക് പിന്നാലെ തന്റെ പ്രസ്താവനയെ പര്‍വ്വതീകരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സജി ചെറിയാൻ തന്നെ രംഗത്തെത്തി. 'പത്താം ക്ലാസ് പാസായ ചില കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ല. അതില്‍ ഒരു കുട്ടി എന്റെ വീട്ടില്‍ വന്ന് ഒരു അപേക്ഷ എനിക്ക് തന്നു. അപേക്ഷ വായിച്ചപ്പോള്‍ അക്ഷരതെറ്റ് വ്യാപകമായിരുന്നു. അപ്പോള്‍ ഉണ്ടായ പ്രയാസത്തിലാണ് പ്രസംഗത്തിലെ പരാമര്‍ശം. കേരളത്തില്‍ മൊത്തത്തില്‍ പ്രശ്‌നം ഉണ്ടാക്കേണ്ടതില്ല. പര്‍വ്വതീകരിക്കേണ്ടതില്ല. ഞാന്‍ ഒരു കാര്യം പറഞ്ഞു. അതില്‍ ചര്‍ച്ച നടക്കട്ടെ. ജനാധിപത്യ രാജ്യമല്ലേ.' എന്നായിരുന്നു സജി ചെറിയാന്റെ മറുപടി.\