മാലിന്യത്തോട്ടില്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനം; ഫയർ ഫോഴ്സ് സംഘത്തിന് വിദഗ്ധ പരിശോധന

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഫയര്‍ ഫോഴ്‌സ് സംഘം 'സീ ബാത്തി'ലേര്‍പ്പെട്ടത്

dot image

തിരുവനന്തപുരം: രണ്ട് ദിവസം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യത്തില്‍ മുങ്ങിത്താണായിരുന്നു ഫയര്‍ ഫോഴ്‌സ് സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനം. പിന്നാലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോവളത്ത് വിശാലമായ കടല്‍ക്കുളിയും കഴിഞ്ഞാണ് ജോയിക്ക് വേണ്ടി മലിനജലത്തില്‍ കഴിഞ്ഞവര്‍ മടങ്ങിയത്. പകര്‍ച്ചവ്യാധിയും എലിപ്പനിയും എല്ലാം പിടിപെടാന്‍ സാധ്യതയുള്ളതായിരുന്നു രക്ഷാപ്രവര്‍ത്തനം. ശനിയാഴ്ച രാവിലെ 11 മുതല്‍ തിങ്കളാഴ്ച രാവിലെ ജോയിയുടെ മൃതദേഹം കിട്ടുന്നത് വരെ അതി ദുര്‍ഘടമായ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു ഇവരെല്ലാം.

വൈകീട്ട് നാല് മണിയോടെ 40 അംഗ സംഘം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി. വിദഗ്ധ പരിശോധനയും ചികിത്സയും വേണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് എത്തിയത്. ത്വക്ക് രോഗ വിഭാഗത്തിലും ഇഎന്‍ടിയിലും എല്ലാം പരിശോധന നടത്തി. മാലിന്യം നിറഞ്ഞ വെള്ളം കയറിയ ചെവിയും മൂക്കും എല്ലാം വിശദമായി പരിശോധിച്ചു. പ്രതിരോധ ഗുളികകള്‍ നല്‍കി. പിന്നാലെ ഡോക്ടര്‍ നിര്‍ദേശിച്ചു സീ ബാത്ത് വേണമെന്ന്. തുര്‍ന്ന് ബസ്സില്‍ കയറി നേരെ കോവളത്തേക്ക്.

കടല്‍ക്ഷോഭമായതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന നിര്‍ദേശമുണ്ടെങ്കിലും ഇവര്‍ക്ക് വേണ്ടി കുറച്ച് സമയം ടൂറിസം വകുപ്പ് കടലില്‍ ഇറങ്ങാന്‍ അനുമതി നല്‍കി. എല്ലാവരും നന്നായി കുളിച്ചു. പിന്നീട് സന്തോഷത്തോടെ മടങ്ങി. ജോയിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാന്‍ കഴിഞ്ഞില്ലെങ്കിലും മനുഷ്യരുടെ മാലിന്യം പേറുന്ന മൂക്ക് പൊത്താതെ അത് വഴി നടക്കാന്‍ പോലും പറ്റാത്ത ആമയിഴഞ്ചാനില്‍ ഇവര്‍ രണ്ട് ദിവസം മുങ്ങിത്തപ്പിയാണ് രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഒരു മനുഷ്യജീവന് വേണ്ടി സ്വന്തം ജീവന്‍ തന്നെ പണയം വെച്ച് മലിനജലത്തില്‍ മുങ്ങാന്‍ ഒരു മടിയും കാണിക്കാത്ത ധീരരാണിവര്‍. ഫയര്‍ ഫോഴ്‌സ് സംഘത്തിന് ഒരായിരം നന്ദി.

Also Read:

dot image
To advertise here,contact us
dot image