ന്യൂഡൽഹി: സപ്ലൈകോയ്ക്ക് സംസ്ഥാന സർക്കാർ അനുവദിച്ച 100 കോടി അപര്യാപ്തമെന്ന് മന്ത്രി ജി ആർ അനിൽ. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പണം ആവശ്യമാണ്. ധനമന്ത്രി കെ എൻ ബാലഗോപാലുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തും. ഓണ മാർക്കറ്റിൽ സപ്ലൈകോ ഫലപ്രദമായി ഇടപെടുമെന്നും ജി ആർ അനിൽ വ്യക്തമാക്കി.
ഓണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സപ്ലൈകോയ്ക്ക് ധനവകുപ്പ് 100 കോടി അനുവദിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. കുറഞ്ഞത് 500 കോടിയെങ്കിലും വേണം. വിതരണക്കാർക്ക് അടക്കം പണം നൽകേണ്ട സാഹചര്യം ഉണ്ട്. മാധ്യമങ്ങളിലൂടെയാണ് പണം അനുവദിച്ച കാര്യം താൻ അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
ഓണ വിപണിയിൽ ഇടപെടാൻ നടപടികൾ സപ്ലൈകോ ആരംഭിച്ചു കഴിഞ്ഞു. സപ്ലൈകോയ്ക്ക് സാധനം നൽകിയാൽ വില കിട്ടില്ല എന്നൊരു തെറ്റിദ്ധാരണ വിതരണക്കാർക്ക് ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രഹ്ളാദ് ജോഷിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ഓണത്തിനു കേരളത്തിന് അധിക ഭക്ഷ്യ ധാന്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്ട്രീമിൽ സപ്ലൈകോ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്ക് പങ്കെടുക്കാൻ അവസരമൊരുക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.