പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ റെയില്‍വെ; മംഗളൂരു ഡിവിഷന്‍ രൂപീകരിക്കാന്‍ നീക്കം

പാലക്കാട് ഡിവിഷന്‍ വിഭജിച്ചാണ് സേലം ഡിവിഷന്‍ രൂപീകരിച്ചത്

dot image

പാലക്കാട്: പാലക്കാട് ഡിവിഷനെ വീണ്ടും വിഭജിക്കാന്‍ റെയില്‍വെ. മംഗളൂരു റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കാനാണ് നീക്കം. കേന്ദ്ര റെയില്‍വെ സഹമന്ത്രി വി സോമണ്ണയുടെ നേതൃത്വത്തില്‍ നാളെ യോഗം ചേരും. എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. 1956 ല്‍ രൂപീകരിച്ച പാലക്കാട് റെയില്‍വെ ഡിവിഷന്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയില്‍വെ ഡിവിഷനുകളില്‍ ഒന്നാണ്. നേരത്തെ പാലക്കാട് ഡിവിഷന്‍ വിഭജിച്ചാണ് സേലം ഡിവിഷന്‍ രൂപീകരിച്ചത്.

അതേസമയം പാലക്കാട് റെയില്‍വെ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്നും റെയില്‍വെ പിന്മാറണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. വീണ്ടും അധികാരമേറിയ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അവഗണനയും പ്രതികാരബുദ്ധിയും തുടരുന്നതിന്റെ ഉദാഹരണമാണ് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കമെന്നും മന്ത്രി പ്രതികരിച്ചു.

'പാലക്കാട് ഡിവിഷനെതിരെ ഒരു നീക്കവുമില്ലെന്ന് റെയില്‍വെ ഉന്നതര്‍ പരസ്യമായി പറയുമ്പോഴും എതിരായ നീക്കങ്ങള്‍ അണിയറയില്‍ തകൃതിയാണ്. ഇത്തരമൊരു നീക്കം നടത്തിയാല്‍ വരുന്ന കടുത്ത ജനരോഷം ശമിപ്പിക്കാനുള്ള കുതന്ത്രങ്ങളാണ് റെയില്‍വെ ട്രാക്കിലിറക്കുന്നത്. റെയില്‍വെയുടെ ഉന്നതതല യോഗത്തില്‍ ഈ നീക്കം അജണ്ടയായി വരുന്നത് യാദ്യശ്ചികമാണെന്ന് കരുതാന്‍ കഴിയില്ല. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് പാലക്കാട് ഡിവിഷന്‍. ഒരു പോരായ്മയും ചൂണ്ടിക്കാണിക്കാനില്ലാതിരുന്നിട്ടും ഈ ഡിവിഷന്‍ നിര്‍ത്തലാക്കുന്നത് കേരളത്തിനെതിരായ ഗൂഢനീക്കമാണ്. റെയില്‍വെ വികസനത്തിന്റെ കാര്യത്തില്‍ കേരളത്തോട് എക്കാലവും കടുത്ത അവഗണനയാണ് തുടരുന്നത്. അതിനിടയിലാണ് നിലവിലെ സംവിധാനങ്ങള്‍ കൂടി ഇല്ലാതാക്കുന്നത്. യുപിഎ സര്‍ക്കാര്‍ കാലത്ത് പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചാണ് സേലം ഡിവിഷന്‍ ആരംഭിച്ചത്. അതിനുശേഷം പാലക്കാട് ഡിവിഷനെ ദുര്‍ബലപ്പെടുത്താന്‍ ആസൂത്രിത നീക്കമുണ്ടായി. പാലക്കാടിനെ മംഗളൂരുവിന്റെ ഭാഗമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. അന്ന് കടുത്ത പ്രതിഷേധം ഉയര്‍ത്തി കേരളം അതിനെ ചെറുത്തു തോല്‍പ്പിച്ചു. പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കണം', മന്ത്രി വി അബ്ദുറഹിമാന്‍ പ്രതികരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us