സാമ്പത്തിക തട്ടിപ്പ് കേസ്; ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിയത് ഒരുകോടി 12 ലക്ഷം, തടവുശിക്ഷ

കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരനായ പി എച്ച് നസീറിന്റെ ശ്രമം

dot image

കൊച്ചി: ഒരുകോടി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ജയിലിലടച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ തൃശ്ശൂർ എടവിലങ്ങ് എരട്ടക്കുളത്തിങ്കല്‍ ഗസല്‍ മുഹമ്മദിനെയാണ് ജയിലിലടച്ചത്. മൂന്ന് മാസത്തെ തടവുശിക്ഷയാണ് മജിസ്‌ട്രേറ്റ് കോടതി ഗസല്‍ മുഹമ്മദിന് വിധിച്ചത്. എറണാകുളം കലൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരനായ പി എച്ച് നസീറിന്റെ ശ്രമം.

ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഒരുകോടി 12 ലക്ഷം രൂപ 34 തവണയായി പിഎച്ച് നസീറില്‍ നിന്ന് വാങ്ങി. പിഎച്ച് നസീറിനോടും കുടുംബത്തോടും കാണിച്ച അടുപ്പം മുതലെടുത്തായിരുന്നു സാമ്പത്തിക തട്ടിപ്പ്. പരാതി ഉയര്‍ന്നതോടെ ഗസല്‍ മുഹമ്മദ് നാല് തവണയായി തിരിച്ചു നല്‍കിയത് ആകെ 3,80,000 രൂപ മാത്രമാണ്. പണം തിരികെ ലഭിക്കാനായി ഗസല്‍ മുഹമ്മദിനെതിരെ പിഎച്ച് നസീര്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ നിയമ പോരാട്ടം തുടങ്ങി.

കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ഐ ആക്ടിന്റെ 142-ാം വകുപ്പ് അനുസരിച്ച് മൂന്ന് മാസത്തെ തടവുശിക്ഷ മജിസ്‌ട്രേറ്റ് കോടതി ഗസല്‍ മുഹമ്മദിന് വിധിച്ചു. ആറ് മാസത്തിനകം തുക മടക്കി നല്‍കിയില്ലെങ്കില്‍ ശിക്ഷ അനുഭവിക്കണം എന്നായിരുന്നു വിധി. പരാതിക്കാരന് പണം പലതവണയായി തിരികെ നല്‍കിയെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല.

പണം തട്ടിയെടുത്തുവെന്ന് പരാതിക്കാരന്‍ നല്‍കിയ തെളിവുകളിലൂടെ ബോധ്യപ്പെട്ടുവെന്ന് നിരീക്ഷിച്ചായിരുന്നു വിചാരണക്കോടതി വിധി. വിധിയനുസരിച്ച് നസീറിന്റെ പണം മടക്കി നല്‍കി കേസ് തീര്‍ക്കാന്‍ പ്രതിയായ ഗസല്‍ മുഹമ്മദ് തയ്യാറായില്ല. തുടര്‍ന്നാണ് പ്രതിയോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചതും പ്രതിയെ കാക്കനാട് ജില്ലാ ജയിലില്‍ അടച്ചതും. പ്രതിക്ക് നല്‍കിയ മൂന്ന് മാസത്തെ ശിക്ഷ മതിയായതല്ലെന്നും ശിക്ഷ ഉയര്‍ത്തണമെന്നുമാണ് പരാതിക്കാരനായ പിഎച്ച് നസീറിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പിഎച്ച് നസീര്‍ ഹൈക്കോടതിയെ സമീപിക്കും.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us