'കള്ളിംഗ് നടത്തിയതിൻ്റെ നഷ്ടപരിഹാരം നൽകാൻ നടപടി'; റിപ്പോർട്ടർ വാർത്തയിൽ ഇടപെട്ട് ജെ ചിഞ്ചുറാണി

താറാവ്-കോഴി കർഷകർക്കായി പ്രത്യേക ഉപജീവന പാക്കേജ് അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു

dot image

ആലപ്പുഴ: പ്രതിസന്ധിയിലായ കുട്ടനാട്ടിലെയും സമീപപ്രദേശങ്ങളിലെയും താറാവ്-കോഴി കർഷകർക്കായി പ്രത്യേക ഉപജീവന പാക്കേജ് അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്രത്തിനു നിവേദനം നൽകി. പരമ്പരാഗത താറാവ് വളർത്തൽ നിലനിർത്താൻ രോഗബാധിത പ്രദേശങ്ങളിലെ താറാവുകൾക്കും കോഴികൾക്കും പക്ഷിപ്പനിക്കെതിരെ പ്രതിരോധകുത്തിവെപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളിംഗ് നടത്തിയതിൻ്റെ നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാകുമെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. റിപ്പോർട്ടർ വാർത്തയെ തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ.

താറാവ് കർഷകരുമായി അടുത്തയാഴ്ച ചർച്ച നടത്തും. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിങ്, സഹമന്ത്രി ജോർജ് കുര്യൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി അറിയിച്ചു.

പക്ഷിപ്പനി പടരുന്നത് തടയാൻ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തുന്നതിനെ തുടർന്ന് ആലപ്പുഴയിലെ താറാവ് കർഷകരുടെ പ്രതിസന്ധികൾ റിപ്പോർട്ടർ നേരത്തെ വാർത്തയാക്കിയിരുന്നു. പക്ഷികളെ കൊന്നൊടുക്കലും നിരോധനവും ശാശ്വതമല്ലെന്നാണ് കർഷകരുടെ അഭിപ്രായം. പക്ഷിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ 2025 വരെ താറാവിനെയും കോഴികളെയും വളർത്താനാകില്ലെന്നും കർഷകർ വ്യക്തമാക്കിയിരുന്നു.

ആലപ്പുഴ ജില്ലയും വൈക്കം, ചങ്ങനാശേരി താലൂക്കുകളും തിരുവല്ല താലൂക്കും പക്ഷിപ്പനി ഹോട്സ്പോട്ടുകളാണ്. വളർത്തുപക്ഷികൾക്കു പുറമേ സ്വതന്ത്രമായി പറന്നു നടക്കുന്ന പക്ഷികളിലും പക്ഷിപ്പനി സ്ഥിരീകരിച്ചതാണു സ്ഥിതി ഗുരുതരമാക്കിയത്. മുൻ വർഷങ്ങളിൽ താറാവുകളിലാണു രോഗം കണ്ടിരുന്നതെങ്കിൽ ഈ വർഷം കോഴികളിലും തുടർന്നു കാക്ക, കൊക്ക്, പരുന്ത്, പ്രാവ്, മയിൽ തുടങ്ങിയവയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. വൈറസിലെ മാറ്റമാണു മുൻ വർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പക്ഷിപ്പനി പടരാൻ കാരണം. മുൻ വർഷങ്ങളിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണു രോഗബാധയുണ്ടാക്കിയിരുന്നത്. ഈ വർഷം മാത്രം 41 സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 28 എണ്ണവും ആലപ്പുഴ ജില്ലയിലാണ്.

കയർ മേഖല നിലച്ചതിന് ശേഷം ആലപ്പുഴയിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗമാണ് താറാവ് വളർത്തൽ. ഫാമിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം ജീവിതം കരയ്ക്കടുപ്പിക്കുന്ന ഒരു പാട് കുടുംബങ്ങളുണ്ട്. നിലവിൽ തൊഴിൽ മേഖല തന്നെ സ്തംഭിച്ചു എന്ന തരത്തിലുളള അവസ്ഥയാണ്. ബാങ്കിൽ നിന്ന് ലോൺ എടുത്തും പലയിടത്ത് നിന്നും കടം മേടിച്ചുമാണ് പലരും ഫാം നടത്തുന്നത് ഇതുണ്ടാക്കുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണ്. നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് കർഷകർ.

പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കിയെങ്കിലും കാക്കകളിൽ നിന്ന് രോഗം കൂടുതൽ വ്യാപിക്കുകയായിരുന്നു എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ.

dot image
To advertise here,contact us
dot image