മലപ്പുറം: ആലുവയില്‍ നടന്ന ജില്ലാ ലീഗ് ക്യാമ്പിലെ പരാമര്‍ശത്തില്‍ മറുപടിയുമായി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എസ്‌കെഎസ്എസ്എഫിന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു പിഎംഎ സലാമിന്റെ വിശദീകരണം. പ്രാദേശികമായി അമീറന്മാരുടെ കീഴില്‍ മുരീദന്മാരാകരുതെന്ന പ്രയോഗത്തിലായിരുന്നു വിശദീകരണം. വ്യക്തികളെ കേന്ദ്രീകരിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നതിനെ മുസ്ലീം ലീഗ് പ്രോത്സാഹിപ്പിക്കില്ലെന്നതിന്റെ ഉപമയെന്ന നിലയിലാണ് അത്തരമൊരു പ്രയോഗം നടത്തിയതെന്നാണ് സലാമിന്റെ വിശദീകരണം. എറണാകുളം ജില്ലാ മുസ്ലിം ലീഗിലെ വിഭാഗീയത അവസാനിപ്പിക്കാനും പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ എല്ലാവരും മുന്നോട്ടു പോകണമെന്ന നിലപാടാണ് ആലുവയിലെ ക്യാമ്പില്‍ പറഞ്ഞതെന്നും പിഎംഎ സലാം വിശദീകരിച്ചു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കിയതാണ്. സംസാരത്തിലെ പ്രയോഗങ്ങൾക്ക് മറ്റൊരു രീതിയിൽ വ്യാഖ്യാനം വന്നതിൽ ഖേദം പ്രകടിപ്പിക്കുന്നതായി സലാം വ്യക്തമാക്കി. സലാമിന്റെ പരാമർശങ്ങളിൽ സമസ്ത പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം വിശദീകരണം നൽകിയത്.
സാദിഖലി തങ്ങള്‍ എന്ന ഒരു ഇമാം മതിയെന്ന് വ്യക്തമായി പറഞ്ഞിരുന്നു. അത് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളെ ഉദ്ദേശിച്ചു മാത്രമാണെന്ന് സദസ്സിന് മുഴുവന്‍ അന്നേ വ്യക്തമായതാണ്. എന്നാല്‍, പ്രസംഗത്തിലെ സെക്കന്റുകള്‍ ദൈര്‍ഘ്യമുളള ഭാഗം മാത്രം പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരോട് തികച്ചും സദുദ്ദേശ്യത്തോടെ നടത്തിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ക്ക് മറ്റൊരു രീതിയില്‍ വ്യാഖ്യാനം വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. മഹാരഥന്മാരായ നേതാക്കള്‍ നയിച്ച പാതയില്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തില്‍ അണിനിരന്ന് പൂര്‍വ്വാധികം ശക്തിയോടെ നമുക്ക് ഒന്നിച്ചു മുന്നോട്ട് പോകാം
പി.എം.എ സലാം വ്യക്തമാക്കി
ആലുവയിലെ ലീഗ് ക്യാമ്പില്‍ പിഎംഎ സലാം നടത്തിയ പ്രതികരണത്തിനെതിരെ നേരത്തെ എസ്‌കെഎസ്എസ്എഫ് രംഗത്തെത്തിയിരുന്നു. സുന്നി വിശ്വാസ ആദര്‍ശങ്ങളെ പരസ്യമായി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറിയെ നിയന്ത്രിക്കാന്‍ മുസ്ലീ ലീഗ് നേതൃത്വം തയ്യാറാകണമെന്ന് എസ്‌കെഎസ്എസ്എഫിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.
സുന്നി ആദര്‍ശത്തെ അംഗീകരിക്കുന്നവരാണ് മുസ്ലിം ലീഗിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും. അതിനാൽ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും എസ്കെഎസ്എസ്എഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. സമസ്തയുടെ ആദരണീയരായ അധ്യക്ഷനെയും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റിനെയും മാധ്യമങ്ങളിലൂടെ പിഎംഎ സലാം നേരത്തെ പരിഹസിച്ചതും എസ്കെഎസ്എസ്എഫ് പരിഹസിച്ചിരുന്നു. ഇക്കാര്യത്തിലെല്ലാം പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് കുറ്റപ്പെടുത്തിയ എസ്കെഎസ്എസ്എഫ് നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി സ്ഥാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാരെ കടിഞ്ഞാണിട്ടില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാവുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.