സമയബന്ധിതമായി നടപടി എടുത്തില്ല, മുൻവിസിക്ക് വീഴ്ചപറ്റി; സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ റിപ്പോർട്ട്

മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച്ച പറ്റിയെന്നാണ് ജുഡീഷ്യൽ റിപ്പോർട്ടിൽ പറയുന്നത്

dot image

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിലെ ജുഡീഷ്യൽ റിപ്പോർട്ട് വിവരങ്ങൾ പുറത്ത്. മുൻ വിസി എം ആർ ശശീന്ദ്രനാഥിന് വീഴ്ച്ച പറ്റിയെന്നാണ് ജുഡീഷ്യൽ റിപ്പോർട്ടിൽ പറയുന്നത്. സമയബന്ധിതമായി നടപടി എടുത്തില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസ് എ ഹരിപ്രസാദ് അന്വേഷണ റിപ്പോർട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി.

സിദ്ധാർത്ഥന്റെ മരണത്തിന് ഇടയായ സാഹചര്യങ്ങളാണ് ജസ്റ്റിസ് എ ഹരിപ്രസാദ് അന്വേഷിച്ചത്. സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശ പ്രകാരമായിരുന്നു അന്വേഷണം. മുൻ വൈസ് ചാൻസലർ എം ആർ ശശീന്ദ്രന് വീഴ്ച സംഭവിച്ചെന്നാണ് പ്രധാന കണ്ടെത്തൽ. സമയബന്ധിതമായി നടപടിയെടുക്കുന്നതിൻ മുൻ വൈസ് ചാൻസലർ പരാജയപ്പെട്ടെന്നാണ് റിപ്പോർട്ടിലെ പരാമർശം. സർവകലാശാല അധികൃതരുടെ വീഴ്ചകൾ സിദ്ധാർത്ഥിന്റെ മരണത്തിന് കാരണമാക്കിയെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഇന്ന് രാവിലെയാണ് ജസ്റ്റിസ് ഹരിപ്രസാദ് ഗവർണർക്ക് കൈമാറിയത്.

സർവകലാശാല അധികൃതർ, സിദ്ധാർത്ഥനെ ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ, മാതാപിതാക്കൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രണ്ടാം വർഷ വിദ്യാർത്ഥിയായ സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ സംശയത്തിന് പിന്നാലെ റാഗിംഗ് സെൽ നടത്തിയ അന്വേഷണത്തിലാണ് സിദ്ധാർത്ഥ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ വൈസ് ചാൻസലർ ആയിരുന്ന എംആർ ശശീന്ദ്രനാഥിനെ ഗവർണർ പുറത്താക്കിയിരുന്നു. ജുഡീഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണർ തുടർനടപടികൾ ഉടൻ സ്വീകരിച്ചേക്കുമെന്നാണ് സൂചന.

ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സിദ്ധാർത്ഥൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ മതിയായ തെളിവില്ലെന്ന് ഹൈക്കോടതി. ആത്മഹത്യാ പ്രേരണ ചെയ്യണമെന്ന പൊതു ഉദ്ദേശം പ്രതികൾക്കില്ല. പ്രോസിക്യൂഷൻ ഈ കുറ്റം ഒഴിവാക്കിയെന്നും കണ്ടെത്തി. ഇക്കാര്യം വിചാരണയിൽ പരിഗണിക്കേണ്ട വിഷയമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിക്കും എന്ന ആക്ഷേപം പ്രതികൾക്ക് ജാമ്യം നിഷേധിക്കാൻ കാരണമല്ല. ജാമ്യത്തിന് കർശന നിബന്ധന ബാധകമാക്കുന്നത് സിബിഐയുടെ ആശങ്ക പരിഗണിച്ചാണ്. പൊതുബോധം മുൻനിർത്തി പ്രതികൾക്ക് ജാമ്യം നിഷേധിക്കാനാവില്ല.19 പ്രതികൾക്ക് ജാമ്യം നൽകിയ വിധിയിലാണ് സിംഗിൾ ബഞ്ചിൻ്റെ ഈ നിരീക്ഷണങ്ങൾ.

കര്‍ശന ഉപാധികളോടെയാണ് 19 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും നിര്‍ദേശമുണ്ട്. പ്രതികളുടെ പാസ്‌പോര്‍ട് സറണ്ടര്‍ ചെയ്യണം. ജസ്റ്റിസ് സി എസ് ഡയസാണ് വിദ്യാര്‍ത്ഥികളായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിര്‍ണായകമാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു.

dot image
To advertise here,contact us
dot image