തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി നടത്തുന്ന ലീഡേഴ്സ് സമ്മിറ്റ് വെള്ളിയാഴ്ച നടക്കും. പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ സമ്മിറ്റിൽ പങ്കെടുക്കും. ചടങ്ങ് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി. വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് മുഖ്യമന്ത്രി പരാമര്‍ശിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിക്ക് മുഖ്യമന്ത്രി എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികമായിരുന്നു ഇന്ന്. ഉമ്മൻചാണ്ടി എന്ന തന്ത്രശാലിയായ നേതാവില്ലാതെ കോൺഗ്രസ് രാഷ്ട്രീയം ഒരു വർഷം പിന്നിടുന്നുവെന്നർത്ഥം. പ്രതിസന്ധികൾ തരണം ചെയ്യാൻ കെ കരുണാകരൻ കഴിഞ്ഞാൽ ഉമ്മൻചാണ്ടി അല്ലാതെ മറ്റൊരു നേതാവ് കോൺഗ്രസിൽ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾ ആശങ്കയില്ലാതെ മറികടക്കാൻ ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്ന കഴിവായിരുന്നു കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തലും ഉമ്മൻ ചാണ്ടിയെ പ്രബലനാക്കിയത്.
കെ കരുണാകരന് ശേഷം കോൺഗ്രസിന്റെ അമരക്കാരനായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങളായിരുന്നു ഉമ്മൻചാണ്ടി എന്ന കുഞ്ഞുഞ്ഞിന്റെ ശക്തി. അര നൂറ്റാണ്ടുകാലം നിയമസഭയിൽ പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സഭയിൽ കോൺഗ്രസിന്റെ നാവായി മാറി. അടവും അനുനയവും ഉമ്മന്‍ ചാണ്ടിയോളം പയറ്റിയ മറ്റൊരു നേതാവ് ഒരുപക്ഷെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വേറെയുണ്ടാവില്ല. പറഞ്ഞാലും എഴുതിയാലും തീരാത്ത ഓർമ്മകൾ അവശേഷിപ്പിച്ചാണ് ഉമ്മൻ ചാണ്ടി യാത്രപറഞ്ഞ് പിരിഞ്ഞത്.