കേരളം കണ്ടതിൽ വച്ച് ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻചാണ്ടി. അസാധാരണമായ ജനകീയഭാവം കൊണ്ട് വേറിട്ടു നിന്ന ഉമ്മൻചാണ്ടി വിട പറഞ്ഞപ്പോൾ കരുതലിൻ്റെയും സ്നേഹത്തിൻ്റെയും ഒരു യുഗമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ അവസാനിച്ചത്.
ആൾക്കൂട്ടത്തിന് നടുവിലായിരുന്നു എന്നും ഉമ്മൻ ചാണ്ടി. ആവലാതിക്കാരും അനുയായികളും ആരാധകരുമെല്ലാം ഉമ്മൻ ചാണ്ടി നിൽക്കുന്നിടത്ത് കടൽ തിരപോലെ ഇരച്ചുകയറുമായിരുന്നു. ഇങ്ങനെയൊരു ജനകീയ നേതാവിനെ അതിന് മുമ്പോ ശേഷമോ കേരളം കണ്ടിട്ടില്ല.
സർക്കാർ ചട്ടങ്ങളുടെ കർക്കശ്യത്തിൻ്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. കെ എസ് യു വിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും സംസ്ഥാന അദ്ധ്യക്ഷസ്ഥാനം വഹിച്ച് ഒരു തലമുറയെ ആവേശത്തോടെ നയിച്ചു. തുടർച്ചയായി അര നൂറ്റാണ്ടിലേറെ കാലം നിയമസഭാ സമാജികനായി പുതുപ്പള്ളിയെ പ്രതിനീധികരിച്ചപ്പോഴും സ്വതസിദ്ധമായ സൗമ്യതയും അതിൽ ഉൾച്ചേർന്ന മനുഷ്യത്വവും മാഞ്ഞില്ല. തിരക്കുകളും പദവികളും പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ കൂടുതൽ വിനയാന്വതനാക്കി.
പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ യൂണിറ്റ് പ്രസിഡൻ്റിൽ നിന്ന് കേരളത്തിൻ്റെ ഏറ്റവും ജനകീയനായ നേതാവിൽ എത്തിയ ആ രാഷ്ട്രീയ ജീവിതം എന്നും ഒരു തുറന്ന പുസ്തകമായിരുന്നു. ഇടയ്ക്കുയർന്നു പൊങ്ങിയ വിവാദത്തിൽ പെട്ടപ്പോഴും അതിൽ നിരപരാധി എന്ന് തെളിഞ്ഞപ്പോഴും ഒരേ സൗമ്യഭാവം. ആരോടും പരാതികളില്ലായിരുന്നു. യാത്രകളിൽ അർദ്ധരാത്രിയിലും ഫയൽ നോക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ജനസമ്പർക്ക പരിപാടിയും കേരളത്തിന് പുതിയ അനുഭവമായിരുന്നു.
ആർക്കും പരാതിയുമായി ഏത് സമയവും കയറി ചെല്ലാവുന്ന പുതുപ്പള്ളിയിലെ അദ്ദേഹത്തിൻ്റെ വീട് സങ്കടങ്ങളുടെയും പ്രശ്നങ്ങളുടെയും പരിഹാര കേന്ദ്രമായി മാറിയിരുന്നു. ഒടുവിൽ തനിക്ക് ചുറ്റുമുള്ള ആൾക്കൂട്ടത്തെ തനിച്ചാക്കിയാണ് കഴിഞ്ഞ ജൂലൈ 18ന് അദ്ദേഹം വിടപറഞ്ഞത്. ഇന്നോളം കേരളം കാണാത്ത ജനസാഗരമാണ് കക്ഷി രാഷ്ട്രീയം മറന്ന് ഉമ്മൻ ചാണ്ടിയെ യാത്രയാക്കാൻ പുതുപ്പള്ളിയിലേക്ക് അന്ന് ഒഴുകിയെത്തിയത്.