തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 'രക്ഷാപ്രവർത്തനം' പരാമർശം തെറ്റെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. തിരഞ്ഞെടുപ്പ് കാലത്ത് മുന്നണി കൺവീനർ ഇ പി ജയരാജന്റെ ചില പരാമർശങ്ങൾ ദോഷം ചെയ്‌തെന്നും കെ പ്രകാശ് ബാബു പറഞ്ഞു.
റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കെ പ്രകാശ് ബാബു മുന്നണിയിലെത്തന്നെ പ്രധാനപ്പെട്ട നേതാക്കൾക്കെതിരെ തുറന്നടിച്ചത്. കരിങ്കൊടി കാണിച്ചവരെ മർദ്ദിച്ചത് രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം തെറ്റെന്ന് പറഞ്ഞ കെ പ്രകാശ് ബാബു ജനങ്ങളുടെ മനസ് അതൊന്നും അംഗീകരിക്കില്ലെന്നും ഒരു തരത്തിലും അവയെ ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞു. എന്നാൽ സിപിഐ എന്തുകൊണ്ടാണ് ഇതിനെതിരെ എതിർക്കാതിരുന്നത് എന്ന ചോദ്യത്തിന് അത് തനിക്ക് പറയാനാകില്ലെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിയുടെ പരാമർശത്തിൽ സിപിഐയിലുള്ള അതൃപ്തി പ്രകടമാക്കുന്നതായിരുന്നു കെ പ്രകാശ് ബാബുവിന്റെ വാക്കുകൾ. മുഖ്യമന്ത്രി എന്ന നിലയിൽ എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകുന്നതിന് വിഘാതമല്ലേ ഈ പരാമർശം എന്ന ചോദ്യത്തിന് അതൊക്കെ സിപിഐഎം ആലോചിക്കേണ്ട കാര്യമെന്നും സിപിഐഎമ്മും എൽഡിഎഫും വിചാരിച്ചാൽ കുറെയൊക്കെ കാര്യങ്ങൾ കറക്ട് ചെയ്ത് പോകാനാകുമെന്നും മാത്രമാണ് അദ്ദേഹം പറഞ്ഞത്.
തിരഞ്ഞെടുപ്പ് കാലത്ത് ഇ പി ജയരാജൻ നടത്തിയ പല പരാമർശങ്ങളും തിരിച്ചടിയായെന്നും പ്രകാശ് ബാബു റിപ്പോർട്ടറിനോട് തുറന്നുപറഞ്ഞു. കൺവീനർ എന്ന നിലയിൽ മാത്രമല്ല, മുന്നണിയിലെയും സംസ്ഥാനത്തിലെയും ഒരു പ്രധാനപ്പെട്ട നേതാവ് എന്ന നിലയിൽപ്പോലും ഒരിക്കലും പറയാൻ പാടില്ലാത്ത ആ വാക്കുകൾ മുന്നണിക്ക് ദോഷം ചെയ്തുവെന്ന് പ്രകാശ് ബാബു തുറന്നുപറഞ്ഞു. ബിജെപിയുടെ 5 സ്ഥാനാർത്ഥികൾ മികച്ചതാണ് എന്ന് പറഞ്ഞതിനേക്കാൾ തെറ്റാണ് ജാവേദക്കറെ കണ്ട കാര്യം പറഞ്ഞത്. ഇത് രണ്ടും ഇടതുപക്ഷ മനസുകളിൽ നല്ല മുറിവേൽപ്പിച്ചിട്ടുണ്ടെന്നും പ്രകാശ് ബാബു തുറന്നടിച്ചു.
നേരത്തെ സിപിഐയിൽനിന്നും ബിനോയ് വിശ്വം അടക്കമുള്ളവരും സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രംഗത്തെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ ന്യായീകരിക്കില്ലെന്നും തിരുത്തൽ വേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. കണക്കുകളോ വിശകലനങ്ങളോ കൊണ്ട് പരാജയത്തെ വിജയമാക്കി മാറ്റാനാവില്ല. സർക്കാരിന് ജനങ്ങൾ പ്രതീക്ഷിക്കുന്ന മികവ് വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിലും ബിനോയ് വിശ്വം പരോക്ഷമായി വിമർശനം നടത്തിയിരുന്നു. മാർ കൂറിലോസ് സിപിഐയെ വിമർശിച്ചാൽ ഇങ്ങനെ പ്രതികരിക്കില്ല. എന്തുവന്നാലും ഈ രീതിയിൽ പ്രതികരിക്കില്ല. എല്ലാവരും ഒരുപോലെ ആകണമെന്ന് നിർബന്ധം പിടിക്കാനാകില്ല. ഓരോരുത്തർക്കും ഓരോ രീതികളാണെന്നും ബിനോയ് വിശ്വം റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.