കോഴിക്കോട്: വിവാദങ്ങളിൽ വീണ്ടും ആടിയുലഞ്ഞ് സമസ്ത ലീഗ് ബന്ധം. സമസ്തയിലെ ലീഗ് അനുകൂല-വിരുദ്ധ ചേരികൾ സമൂഹ മാധ്യമങ്ങളിലടക്കം തുറന്ന ഏറ്റുമുട്ടലിലാണ്. സിഐസി വിഷയത്തിലെ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയും വിവാദമായ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പരാമർശങ്ങളും ആയുധങ്ങളാക്കിയാണ് ഇരു വിഭാഗത്തിന്റെയും ഏറ്റുമുട്ടലുകൾ.
സമസ്തയുടെ മുൻ നേതാവായിരുന്ന ഇ കെ അബൂബക്കർ മുസ്‌ല്യാരുടെ അനുസമരണവുമായി ബന്ധപ്പെട്ട സമസ്തയിലെ ലീഗ് അനുകൂല വിരുദ്ധ ചേരികൾ വ്യത്യസ്ത സെമിനാറുകൾ പ്രഖ്യാപിച്ചതായിരുന്നു തുടക്കം. ഇരു വിഭാഗവും ചേരി തിരിഞ്ഞ് പ്രഖ്യാപിച്ച സെമിനാറുകൾ പിന്നീട് നേതൃത്വം ഇടപെട്ട് നിർത്തിവെപ്പിച്ചു. ഇതിന് പിന്നാലെയാണ് സമസ്തയുടെ ഔദ്യോഗിക നേതൃത്വവുമായി ഉടക്കി നിൽക്കുന്ന സിഐസിയെ പിന്തുണച്ച് സ്വാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തിയത്.
ഇത് സമസ്തയിലെ ലീഗ് വിരുദ്ധർ ആയുധമാക്കുകയായിരുന്നു. എന്നാൽ സ്വാദിഖലി തങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ചും സ്വാദിഖലി തങ്ങളെ പിന്തുണച്ചും പ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടും എസ്‌വൈഎസ്‌ലെ ലീഗ് അനുകൂല നേതാക്കൾ തന്നെ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് എറണാകുളത്തെ ലീഗ് യോഗത്തിൽ മുജാഹിദ് വിഭാഗക്കാരനായ പിഎംഎ സലാം സുന്നി ആശയത്തിന് വിരുദ്ധമായ പ്രസ്‌താവന നടത്തിയെന്ന ആരോപണം ഉയർന്നത്. ഇതിനെതിരെ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
സുന്നി വിശ്വാസങ്ങളെ ആക്ഷേപിക്കുന്ന പിഎംഎ സലാമിനെ ലീഗ് നേതൃത്വം നിയന്ത്രിക്കണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യ പ്രഖ്യാപനവും നടത്തി. ഈ വിവാദങ്ങളോടെയാണ് താൽക്കാലിക ശമനം ഉണ്ടായിരുന്ന സമസ്ത-ലീഗ് തർക്കവും സമസ്തയിലെ രാഷ്ട്രീയ ചേരി തിരിവുകളും വീണ്ടും രൂക്ഷമായത്.