ബെംഗളുരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം സംബന്ധിച്ച് രാവിലെ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് കെ സി വേണുഗോപാല്‍ എംപി. രക്ഷാപ്രവർത്തനത്തിനായി സാധ്യമാകുന്ന എല്ലാ ഉപകരണങ്ങളുമെത്തിക്കും എന്ന് മന്ത്രി അറിയിച്ചിരുന്നു. ഏത് വിധേനയും ഇന്ന് തിരച്ചിൽ പൂർത്തിയാക്കണമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.
'കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. ഇന്നലെ രാത്രി തിരച്ചിൽ നടന്നിരുന്നുവെങ്കിലും മഴ തടസ്സം സൃഷ്ടിച്ചു. ഇന്ന് കൂടുതൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏതുവിധേനയും തിരച്ചിൽ പൂർത്തിയാക്കണമെന്നാണ് കരുതുന്നത്. സാധ്യമാകുന്ന എല്ലാ രക്ഷാപ്രവർത്തനങ്ങളും നടത്തും. വേണ്ടിവന്നാൽ സൈന്യത്തിന്റെ സഹായം തേടുമെന്നാണ് അറിയിച്ചത്. കുടുംബത്തിന്റെ വേദന കേരളത്തിന്റെ വേദനയായി മാറിയിരിക്കുകയാണ്. ഞാൻ രാവിലെ മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കുന്നുണ്ട്,' - കെ സി വേണുഗോപാൽ അറിയിച്ചു. ദേശീയപാതാ വികസനത്തിന്റെ ഡിസൈനിങ്ങിലെ അപാകതകളെക്കുറിച്ച് പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇക്കഴിഞ്ഞ 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്‍ജുന്‍. ഈ മാസം എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.
വാഹനത്തിന്റെ ജിപിഎസ് സിഗ്നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്നയിടത്താണ്. മണ്ണിനടിയില്‍ ലോറിയും അര്‍ജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മണ്ണും കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്. അര്‍ജുന്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തിരച്ചില്‍ മന്ദഗതിയിലായിരുന്നു.