അതിന്റെ ഉള്ളിലുള്ളത് എന്റെ മകനാണ്, തിരിച്ചുവരുമെന്ന് കരുതി, ഇനി ആ പ്രതീക്ഷയില്ല: അർജുന്റെ അമ്മ

'പട്ടാളം ആളെ കാണിക്കാൻ കൂലിക്ക് ഗോഷ്ടി കെട്ടി വിടുന്നവരാണോ?'; അർജുന്റെ അമ്മ.

dot image

കോഴിക്കോട്: അർജുനെ ജീവനോടെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ കൈവിട്ട് കുടുംബം. മകനെ ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അർജുന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ടണൽ ദുരന്തത്തിലൊക്കെ പെട്ടത് പോലെ മകൻ തിരിച്ചുവരുമെന്നാണ് ഞങ്ങൾ കരുതിയതെന്നും ആ പ്രതീക്ഷയും ഇപ്പോൾ മാഞ്ഞെന്നും അർജുന്റെ അമ്മ പറഞ്ഞു. വീഴാൻ ചാൻസ് ഉള്ള ഒരു കുഴി അവിടെ ഉണ്ടായിട്ട് ആ സ്ഥലത്ത് തിരയാതെ അവിടെ മണ്ണ് കൊണ്ട് ഇട്ടു. അവിടുത്തെ ഭരണത്തോട്, പൊലീസിനോട്, ഇപ്പോൾ കേന്ദ്രത്തോട് ഞങ്ങൾക്ക് ഒരു വിശ്വാസവും വരുന്നില്ല. സൈന്യത്തിന്റെ നടപടിയിൽ വലിയ വിഷമമുണ്ട്. അവർക്ക് നിർദ്ദേശത്തിന്റെ കുറവുണ്ട്. പട്ടാളക്കാരെ അഭിമാനത്തോടെ കണ്ടിരുന്നവരായിരുന്നു ഞങ്ങൾ. ഇപ്പോൾ അതൊക്കെ തെറ്റി. പട്ടാളം ആളെ കാണിക്കാൻ കൂലിക്ക് ഗോഷ്ടി കെട്ടി വിടുന്നവരാണോ എന്നും അമ്മ ചോദിച്ചു.

'സൈന്യത്തെ ചിലവ് ചെയ്ത് എത്തിച്ചത് ഡെമ്മി കളിക്കായിരുന്നു. ഏത് വ്യവസ്ഥയാണോ ഡമ്മി കളിക്കാൻ സൈന്യത്തെ അയച്ചത് അവരോടാണ് എന്റെ ചോദ്യം. ഒരു ഉപകരണവുമില്ലാതെയാണ് അവർ രക്ഷാപ്രവർത്തനത്തിന് വന്നത്. കുഴിയിലോ മണ്ണിന്നടിയിലോ പെട്ട ഒരു മനുഷ്യനെ രക്ഷിക്കാൻ അവരുടെ കൈയിൽ തെളിവില്ല. പുഴയുടെ സൈഡിൽ ഒരു കുഴിയുണ്ടായിരുന്നു. അതിലേക്ക് വാഹനം തെന്നി വീഴാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അവർ ആ കുഴിയുടെ മേലേയ്ക്ക് മണ്ണിട്ടു' - അമ്മ പറഞ്ഞു.

മാധ്യമങ്ങളാണ് വാർത്ത കൊടുത്ത് വിഷയം ഉയർത്തിയത്. ഇവിടുന്ന് രക്ഷാപ്രവർത്തനത്തിന് പോയ ആളുകളെ അടുത്തേക്ക് കടത്തി വിടുന്നില്ല. ഇനി നേവിയുടെ ആൾക്കാർ വന്ന് തിരയും എന്ന് പറയുന്നു. അപ്പോൾ ഇതുവരെ വന്നത് നേവിയുടെ ആൾക്കാർ ആയിരുന്നില്ലേ. കഴിഞ്ഞാഴ്ച കൊണ്ടുവന്ന ഡിറ്റക്ടർ ചെറിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായിരുന്നുവെത്രേ. അപ്പോൾ ഒരു മനുഷ്യന് ഇത്രയേ ഉള്ളോ വിലയെന്നും അമ്മ ചോദിച്ചു.

ഈ മനുഷ്യനെ തിരഞ്ഞപ്പോൾ വേറെ മൃതദേഹം കിട്ടി. ഇതൊക്കെ പുറംലോകമറിയുന്നുണ്ടോ? ഈ വിഷയം കേരളത്തിൽ മാത്രമല്ല, ഓൾ ഇന്ത്യാ ശ്രദ്ധയിലേക്ക് വരണം. മലയാളികളായതുകൊണ്ടാണ് ഇത്രയും പിന്തുണ കിട്ടിയതെന്നാണ് തന്റെ ചെറിയ മകൻ പറഞ്ഞത്. വേറെ ആളുകൾ മിസ്സിങ്ങാണെന്ന് പറഞ്ഞ് എത്തിയപ്പോൾ ആട്ടിയോടിക്കായിരുന്നു. അവർക്ക് നീതി കിട്ടുന്നില്ല.

അഫ്ഘാനിലൊക്കെ ജീവിക്കുന്ന പോലെയാണ് തനിക്ക് തോന്നുന്നത്. ഇന്ത്യയിലാണോ ഇങ്ങനെ ഒരു സംസ്ഥാനം? എന്തിനാണ് ഇങ്ങനെ എല്ലാം കൂട്ടിപ്പിടിച്ച് മഹാരാജ്യം എന്ന് പറഞ്ഞ് ഇരിക്കുന്നതെന്നും അവർ ചോദിച്ചു.

'അതിന്റെ ഉള്ളിലുള്ളത് എന്റെ മകനാണ്. അമ്മയും ഭാര്യയും അവനും ഞങ്ങൾ ഫ്രണ്ട്സാണ്. ഇങ്ങനെ ഒരു കുടുംബം നിങ്ങൾ കണ്ടുകാണില്ല. മനസ്സുകൊണ്ട് സംസാരിക്കുന്നവരാണ് ഞങ്ങൾ. അപകടത്തിൽ അവനെന്തെങ്കിലും സംഭവിച്ചെന്ന് പറഞ്ഞാൽ ഞാൻ ഉൾക്കൊള്ളും. നല്ല ഓർമ്മയുള്ള സമയത്ത് മുഴുവൻ വീട്ടുകാർ വിഷമിക്കുന്നുണ്ടാകും എന്നാകും അവൻ ചിന്തിച്ച് കാണുക. അവന്റെ മാനസ്സിക നില തകരുന്നതും ആരോഗ്യം വഷളാകുന്നതുമെല്ലാം ഞാൻ മനസ്സിൽ കണ്ട് കണ്ട് സഹനം എന്നതിന്റെ അങ്ങേ തലയിലെത്തി'; - അമ്മ വിതുമ്പിക്കൊണ്ട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us