മസ്തിഷ്ക ജ്വരത്തെ അതിജീവിച്ച അഫ്‌നാൻ പറയുന്നു; എനിക്കും ഡോക്ടറാകണം, സൗജന്യമായി ചികിത്സ നൽകണം

ഇന്ത്യയില്‍ ആദ്യമായാണ് ഒരു കുട്ടി അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിച്ചിരിക്കുന്നത്

dot image

കോഴിക്കോട്: ഇരുപത്തി രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസിന്റെ പിടിയില്‍നിന്ന് ജീവന്‍ തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തിൽ അഫ്‌നാൻ തന്റെ ജീവിതാഗ്രഹം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞു. ‘ദൈവത്തിന് സ്തുതി, ചികിത്സിച്ച ഡോക്ടര്‍മാക്കും പരിചരിച്ച നഴ്‌സുമാര്‍ക്കും ഒരുപാട് നന്ദി, പിന്നെ പഠിച്ച് ഡോക്ടറാകണം, സൗജന്യമായി ചികിത്സ നൽകണം', അഫ്‌നാൻ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു കുട്ടി അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ നിതാന്ത ജാഗ്രതയും ഒപ്പം നാടിന്റെ ഒന്നടങ്കമുള്ള പ്രാര്‍ഥനയുമാണ് മകനും തങ്ങള്‍ക്കും പുനര്‍ജന്മം തന്നതെന്നും അഫ്‌നാന്റെ പിതാവും പ്രതികരിച്ചു. 'അവനുവേണ്ടി നാട് മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. പള്ളികളെന്നോ ക്ഷേത്രങ്ങളെന്നോ വ്യത്യാസമില്ലാതെ അഫ്‌നാന്റെ ആരോഗ്യത്തോടെയുള്ള മടങ്ങവരവിനായി പ്രാര്‍ഥിച്ചു. സഹോദര മതസ്ഥര്‍ മകന്റെ നാള് ചോദിച്ച് വഴിപാടുകള്‍ വരെ നടത്തിയെന്ന് പിതാവായ സിദ്ദിഖ് പറഞ്ഞു.

പിതാവിന്റെ അതിജാഗ്രതയാണ് അഫ്‌നാനെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിലും ജീവിതത്തിലേക്ക് വഴിനടത്തുന്നതിലും നിര്‍ണായകമായത്. മകന് പനി അനുഭവപ്പെട്ടപ്പോള്‍ സിദ്ദിഖ് ആദ്യം ഓര്‍ത്തത് കുറച്ചുദിവസം മുമ്പ് അവന്‍ കുളത്തില്‍ മുങ്ങിക്കുളിച്ചിരുന്നല്ലോയെന്നായിരുന്നു. അസുഖ ബാധിതനാകുന്നതിന്റെ തൊട്ട് ഒരു മാസം മുമ്പ് മാത്രമായിരുന്നു അഫ്‌നാൻ നീന്തൽ പഠിച്ചത്. ജീവിതത്തില്‍ ആദ്യമായി കുട്ടിക്ക് അപസ്മാരം വന്നതോടെ ഭയമായി. വടകര പാര്‍കോ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാരോട് ഇക്കാര്യം സൂചിപ്പിച്ചു. വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടേക്ക് പോകാമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

രോഗം സ്ഥിരീകരിച്ചിട്ടും മകനോടും ഭാര്യയോടും രോഗത്തിന്റെ തീവ്രതയെക്കുറിച്ച് പറഞ്ഞിരുന്നില്ല. കുട്ടി അറിയാതിരിക്കാന്‍ ഡോക്ടര്‍മാരും പ്രത്യേകം ശ്രദ്ധിച്ചു. മീഡിയകളിലൂടെയും മറ്റും വിവരം അറിയാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് ഡോക്ടര്‍ വിലക്കി. അതിനിടെ തൊട്ടടുത്ത ബെഡില്‍ കിടന്ന അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച ഫറോക്ക് സ്വദേശിയായ കുട്ടി മരിച്ചപ്പോള്‍ ആധിയേറിയെങ്കിലും പിടിച്ചു നിന്നു.

തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തി മരുന്നു നല്‍കാന്‍ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടമായത്. മസ്തിഷ്‌കത്തെ കാര്‍ന്നു തിന്നുന്ന രോഗാണു ബാധിച്ചാല്‍ മരണം ഉറപ്പെന്നായിരുന്നു ഇതുവരെയുള്ള ഫലം. എന്നാല്‍ തിക്കോടിയിലെ പതിനാലുകാരന്‍ അതു തിരുത്തിക്കുറിച്ചു ചരിത്രത്തിന്റെ ഭാഗമായി. അതേസമയം, 26 ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന അത്യപൂര്‍വ്വ രോഗം ഇടയ്ക്കിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയേറ്റുകയാണ്. രണ്ടു മാസത്തിനിടെ മൂന്നു കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളില്‍ ഈ അസുഖം ബാധിച്ച് മരിച്ചത്. കോഴിക്കോടും കൊച്ചിയിലുമായി രണ്ടു കുട്ടികള്‍ കൂടി ചികിത്സയിലുണ്ട്. കൊച്ചിയില്‍ ചികിത്സയിലുള്ള തൃശൂര്‍ സ്വദേശിയായ കുട്ടിയുടെ നില ഭേദപ്പെട്ടു. എന്നാല്‍ കോഴിക്കോട്ട് ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്,

dot image
To advertise here,contact us
dot image