തിരുവനന്തപുരം: കാലങ്ങളായി കൂടിയും കുറഞ്ഞും നിന്ന സ്വർണവിലയിൽ ഇടപ്പെട്ട് കേന്ദ്ര ബജറ്റ്. സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെയാണ് കേരളത്തിലും സ്വര്‍ണവിലയിൽ വൻ ഇടിവുണ്ടായത്. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6,495 രൂപയും പവന് 2,000 രൂപ താഴ്ന്ന് 51,960 രൂപയുമായി കുറഞ്ഞു.
ഇന്ന് രാവിലെ ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,745 രൂപയിലും പവന് 200 രൂപ താഴ്ന്ന് 53,960 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ സ്വർണം വാങ്ങിയവർക്ക് വൻ നിരാശയാണ് ഉച്ചകഴിഞ്ഞുണ്ടായ സ്വർണ വിലയിടിവ് സമ്മാനിച്ചത്. മറ്റ് സംസ്ഥാനങ്ങളിലും ബജറ്റ് വന്ന ശേഷം വലിയ രീതിയിൽ സ്വർണ്ണ വിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ 250 രൂപ മാത്രമാണ് കുറച്ചിരിക്കുന്നത്. റേറ്റ് കമ്മിറ്റി വില പരിശോധിച്ച ശേഷം വിലയിൽ മാറ്റം വരുത്തണോ എന്ന് തീരുമാനിച്ചേക്കും. സ്വർണ്ണത്തിൻ്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാകുമ്പോള്‍ വിലയില്‍ ഏകദേശം 4,223 രൂപയുടെ കുറവു വരേണ്ടതാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ വില കുറവ് ഉണ്ടാകുവാനും സാധ്യതയുണ്ട്. ബജറ്റിൽ സ്വർണത്തിന് പുറമേ വെള്ളിയുടേയും പ്ലാറ്റിനത്തിന്റേയും ഇറക്കുമതി തീരുവ കുറച്ചിരുന്നു. സ്വർണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി തീരുവ ആറ് ശതമാനമാക്കിയാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ ഇറക്കുമതി തീരുവ 6.4 ശതമാനമാക്കിയും കുറച്ചു.