ഇത്തവണയും എയിംസ് ഇല്ല, ടൂറിസത്തിൽ അടുപ്പിച്ചില്ല; കേരളത്തെ തഴഞ്ഞ് കേന്ദ്രബജറ്റ്

കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടെന്നതിനാൽ തന്നെ ഇത്തവണ കേരളത്തിന് പരി​ഗണന ലഭിക്കുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്

dot image

തിരുവനന്തപുരം: ആന്ധ്രാ പ്രദേശിനും ബിഹാറിനും കൈ നിറയെ പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ ബജറ്റിൽ ഒട്ടും പരി​ഗണന ലഭിക്കാതെ കേരളം. മൂന്നാം മോദി സ‍ർക്കാരിന്റെ ആദ്യത്തേതും നിർമ്മല സീതാരാമന്റെ ഏഴാമത്തെയും ബജറ്റിൽ കേരളത്തിന് നിരാശ മാത്രം. കേരളം എന്ന പരാമർശം പോലും ബജറ്റിൽ ഉണ്ടായില്ല എന്നതാണ് ഏറ്റവും നിരാശാജനകം. കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടെന്നതിനാൽ തന്നെ ഇത്തവണ കേരളത്തിന് പരി​ഗണന ലഭിക്കുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്.

ടൂറിസം മേഖലയിൽ കേരളത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. കേരളത്തിൽ നിന്ന് ലോക്സഭയിലെത്തിയ ഏക ബിജെപി എംപി സുരേഷ് ​ഗോപി ടൂറിസം സഹമന്ത്രിയാണെന്നതാണ് കേരളത്തിന്റെ പ്രതീക്ഷയെ വാനോളമുയർത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണ സമയത്ത് മലയാളം മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ കേരളത്തിൻ്റെ ടൂറിസം സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായിരുന്നു. എന്നാൽ ബജറ്റിൽ ടൂറിസത്തെക്കുറിച്ച് വിശദീകരിക്കവെ ധനമന്ത്രി കേരളത്തെ പരാമർശിച്ചില്ല. ‌ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയുള്ള തീർത്ഥാടന ടൂറിസത്തിന് പ്രധാന്യം നൽകുന്നതായിരുന്നു ഇത്തവണത്തെ ബജറ്റ്. തീർത്ഥാടന ടൂറിസത്തിൽ ഒഡീഷയെ മന്ത്രി മറന്നില്ല. രണ്ട് പതിറ്റാണ്ടിന്റെ പട്നായിക് ഭരണം അവസാനിപ്പിച്ച് ബിജെപിക്ക് അവസരം നൽകിയ ഒഡീഷയിൽ ടൂറിസം പിന്തുണയ്ക്കുമെന്ന് മന്ത്രി എടുത്ത് പറഞ്ഞു. പുരി ജ​ഗന്നാഥ ക്ഷേത്രത്തെ ഊന്നിയായിരുന്നു ഒഡീഷയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നീങ്ങിയത്. അതുകൊണ്ടുതന്നെ, ആന്ധ്രയ്ക്കും ബിഹാറിനും സമാനമായി ഒഡീഷയെയും ബജറ്റിൽ കാര്യമായി മന്ത്രി പരിഗണിച്ചിട്ടുണ്ട്.

“ടൂറിസം എപ്പോഴും നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്. ഇന്ത്യയെ ടൂറിസത്തിൻ്റെ ഒരു ആഗോള ലക്ഷ്യകേന്ദ്രമായി മാറ്റനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മറ്റ് മേഖലകളിൽ അവസരങ്ങൾ തുറക്കുകയും ചെയ്യും. ഗയയിലെ വിഷ്ണുപഥ് ക്ഷേത്രവും ബോധഗയയിലെ മഹാബോധി ക്ഷേത്രവും ആത്മീയ പ്രാധാന്യമുള്ളവയാണ്. വിജയകരമായ കാശി വിശ്വനാഥ് ഇടനാഴിയുടെ മാതൃകയിൽ അവിടെ ഇടനാഴികൾ വികസിപ്പിക്കുകയും അവയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കുകയും ചെയ്യു'മെന്ന് ധനമന്ത്രി വ്യക്തമാക്കി. ബിഹാറിലെ രാജ്ഗിറിനും നളന്ദയ്ക്കും വേണ്ടി സമഗ്രമായ വികസന സംരംഭം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. 'മനോഹരമായ പ്രകൃതി സൗന്ദര്യം, ക്ഷേത്രങ്ങൾ, കരകൗശല വിദ്യകൾ, പ്രകൃതിദൃശ്യങ്ങൾ, വന്യജീവി സങ്കേതങ്ങൾ, പുരാതനമായ ബീച്ചുകൾ എന്നിവയുള്ള ഒഡീഷയിലെ ടൂറിസത്തെ ഞങ്ങൾ പിന്തുണയ്ക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

ഇത്തവണയെങ്കിലും കേരളത്തിൽ എയിംസ് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഇതിനിടെ വലിയ പ്രതിഷേധവും വിമർശനവുമാണ് പ്രതിപക്ഷത്തുനിന്ന് ഉയരുന്നത്. കേരളത്തിനെ എഴുതിത്തള്ളിയ കേന്ദ്ര നടപടിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം രം​ഗത്തെത്തി. ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ രാജ്യസഭയിൽനിന്ന് ഇറങ്ങിപ്പോയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചു. ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്. ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര ബജറ്റ് രാജ്യത്തിന് അങ്ങേയറ്റം നിരാശ നൽകുന്നതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൻ്റെ ഒരാവശ്യവും അംഗീകരിച്ചില്ല. മോദി സർക്കാരിന്റെ ആയുസിനും ഭാവിക്കും വേണ്ടി മാത്രമുള്ള ബജറ്റാണിത് ബാലഗോപാൽ കുറ്റപ്പെടുത്തി. സ്വന്തം മുന്നണിയുടെ താൽപര്യങ്ങൾക്ക് മാത്രമുള്ള ബജറ്റ്. ചില സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രം പാക്കേജുകൾ. ഭക്ഷ്യ സബ്സിഡി ഇത്തവണ 205250 കോടി വെട്ടി കുറച്ചു. ദാര്യദ്ര്യ നിർമാർജ്ജനത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. കേരളത്തിന് വെട്ടികുറച്ചത് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അതും നൽകിയില്ല. വിഴിഞ്ഞം പോർട്ടിന് ഒരു രൂപ പോലുമില്ല. എത്ര വർഷമായി കേരളത്തിന് എയിംസ് ആവശ്യപെടുന്നു. അതിനെക്കുറിച്ച് ഒരു പരാമർശം പോലുമില്ലെന്നും മന്ത്രി പറഞ്ഞു.

ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നൽകിയപ്പോൾ കേരളം എന്ന വാക്ക് ഉച്ചരിക്കാൻ പോലും ധനമന്ത്രി തയ്യാറായില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഞ്ഞടിച്ചു. അധികാരം നിലനിർത്താനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ മോദി മാറ്റിയെന്നും ബജറ്റിൽ ദേശീയ കാഴ്ചപ്പാടില്ല, പകരം ഉള്ളത് സങ്കുചിത കാഴ്ചപ്പാട് മാത്രമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us