ഈ ബജറ്റ് ബിജെപിയുടെ രാഷ്ട്രീയ സിൽബന്ധി സർക്കാരുകൾക്ക് വേണ്ടി; ജനങ്ങളെ പരിഗണിച്ചില്ലെന്ന് തോമസ് ഐസക്

രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യം പാടെ തള്ളിക്കളഞ്ഞ ബജറ്റെന്ന് തോമസ് ഐസക്

dot image

പത്തനംതിട്ട: കേന്ദ്ര ബജറ്റ് ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്ക് വേണ്ടിയെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. ബിജെപിയുടെ രാഷ്ട്രീയ സിൽബന്ധി സർക്കാരുകൾക്ക് വേണ്ടിയുള്ള ബജറ്റാണിത്. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യം പാടെ തള്ളിക്കളഞ്ഞ ബജറ്റെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വരുമാനത്തിലെ വളർച്ച ബജറ്റിൽ പ്രതിഫലിച്ചില്ല. റവന്യൂ വരുമാനം 15 ശതമാനം വർദ്ധിച്ചപ്പോൾ കൂടുതൽ പദ്ധതികൾ പ്രതീക്ഷിച്ചു. വരുമാന വളർച്ചയുടെ സാധ്യത ബജറ്റിൽ പ്രയോജനപ്പെടുത്തിയില്ല. കൊവിഡിന് ശേഷം തുടങ്ങിയ അതേ സാമ്പത്തിക നയം തന്നെയാണ് നിർമ്മലാ സീതാരാമൻ തുടരുന്നത്.

ബജറ്റ് ജനങ്ങൾക്ക് ക്ഷേമവും സുരക്ഷിതത്വവും ഉറപ്പ് നൽകുന്നില്ല. കാർഷിക മേഖലയിൽ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കാർഷിക മേഖലയിൽ കേവലം 5% മാത്രം വർദ്ധനയുണ്ടായി. 20000 കോടി വളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ചു. തറവില വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ബജറ്റിൽ യാതൊരു പരാമർശവുമില്ല. തൊഴിലുറപ്പ് പദ്ധതിക്ക് 60000 കോടിയുണ്ടായിരുന്നത് 90,000 കോടിയാക്കി എന്ന് പറഞ്ഞ് വീമ്പിളക്കുകയാണ് ധനമന്ത്രി. എന്നാൽ 2022-23 ൽ തൊഴിലുറപ്പിന് 90000 കോടിയാണ് ചിലവ്. 2023-24 ൽ 60000 കോടിയായി ബജറ്റിൽ കുറച്ചു. വർഷാവസാനം ജനങ്ങളുടെ പ്രതിഷേധം വന്നപ്പോൾ 86,000 കോടി ചിലവാക്കി. ഈ 86000 കോടി മാത്രമാണ് അടുത്ത വർഷത്തേക്കും വകയിരുത്തിയിട്ടുള്ളത്.

കേരളം അനർഹമായി തൊഴിലുറപ്പിന്റെ പണം ഉപയോഗിക്കുന്നു എന്ന് കേന്ദ്രം പറയുന്നു. എന്നാൽ തൊഴിലുറപ്പ് തൊഴിലാളികളുടെ 17% കേരളത്തിലും തമിഴ്നാട്ടിലുമാണ്. യുപിയിലും ബിഹാറിലും തൊഴിലുറപ്പ് തൊഴിലാളികൾ കുറവാണ്. തൊഴിലുറപ്പ് പദ്ധതി ഓരോ സംസ്ഥാനത്തിനും കൊടുക്കുന്ന അലോക്കേഷനനുസരിച്ച് മാറ്റാൻ കേന്ദ്രം ശ്രമിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും ദരിദ്രരുടെ എണ്ണം കുറവാണെന്ന് പറഞ്ഞ് തൊഴിലുറപ്പ് വിഹിതം കുറയ്ക്കാൻ കേന്ദ്രം ശ്രമിക്കുന്നു. ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞവർഷം 89,000 കോടിയാണ് വകയിരുത്തിയത്. ഈ വർഷവും അതേ തുക തന്നെയാണ് മാറ്റി വച്ചിരിക്കുന്നത്. ‌

നാണക്കേടിന്റെ പര്യായമാണ് ഈ കേന്ദ്രസർക്കാർ. 200 രൂപയുള്ള സാമൂഹ്യക്ഷേമ പെൻഷൻ 1000 രൂപയാക്കണം. 10 പൈസ സാമൂഹ്യ ക്ഷേമ പെൻഷന് വേണ്ടി വർദ്ധിപ്പിക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. ജനവിരുദ്ധ ബജറ്റ് ആണ് അവതരിപ്പിച്ചത്. കേരള സംസ്ഥാനത്തിന്റെ ഒരു ആവശ്യവും പരിഗണിച്ചിട്ടില്ല. ആന്ധ്രയ്ക്കോ ബിഹാറിനോ പദ്ധതികൾ കൊടുക്കുന്നതിന് എതിരല്ല. കേരളവും പാക്കേജിന് അഭ്യർത്ഥിച്ചിരുന്നു. കേരളത്തിൻ്റെ ആവശ്യങ്ങൾ പിന്നീട് പരിഗണിക്കാം എന്നെങ്കിലും ധനമന്ത്രിക്ക് പറയാമായിരുന്നു.

കേരളം ആറ്റുനോറ്റിരുന്ന പദ്ധതിയാണ് എയിംസ്. കേരളത്തിൽനിന്ന് ജയിച്ചു പോയ കേന്ദ്രമന്ത്രി എയിംസ് പദ്ധതിയെക്കുറിച്ച് വലിയ വീരവാദം പറഞ്ഞിരുന്നു. എയിംസ് ഞാനിപ്പോൾ കൊണ്ടുവരുമെന്നാണ് വീരവാദം പറഞ്ഞത്. സുരേഷ് ഗോപിക്ക് കേരളത്തെക്കുറിച്ച് വലിയ ഗ്രാഹ്യമില്ല. ജനവിരുദ്ധ ബജറ്റിനെതിരെ കേരളത്തിൽ ശക്തമായ ജനപ്രതിഷേധം ഉയരണം. കിനാലൂർ സർക്കാരിൻ്റെ സ്ഥലം കിടക്കുകയാണ്, അവിടെ പദ്ധതി നടപ്പാക്കാം. സ്ഥലം ഉണ്ടെന്ന് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. സ്ഥലം ചുമന്ന് ഡൽഹിയിൽ കൊണ്ട് കൊടുക്കണോ എന്നും അദ്ദേഹം ചോദിച്ചു.

റബർ കർഷകർക്കായി ബജറ്റിൽ ഒന്നുമില്ല. തറവിലയെക്കുറിച്ചോ താങ്ങുവിലയെക്കുറിച്ചോ പരാമർശം പോലുമില്ല. മത്സ്യ മേഖലയ്ക്ക് വേണ്ടി യാതൊരു പദ്ധതിയുമില്ല. കടലാക്രമണത്തെ പ്രതിരോധിക്കാൻ കേന്ദ്രത്തിന്റെ സഹായം വേണം. കേരളത്തിലെ വന്യമൃഗ ശല്യത്തെക്കുറിച്ച് ബജറ്റിൽ യാതൊരു പരാമർശവുമില്ല. കേരളത്തിൻ്റെ പ്രശ്നങ്ങളെ അവഗണിച്ച ബജറ്റാണ് അവതരിപ്പിച്ചത്. കേരളത്തെ കേന്ദ്രം മൈൻഡ് ചെയ്യുന്നേയില്ല. ബിജെപിക്ക് ഭൂരിപക്ഷം കിട്ടുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ്. അതുവെച്ച് തങ്ങൾ ഭരിച്ചോളാം എന്ന നിലപാടാണ് ബിജെപിക്ക്. രാഷ്ട്രീയം നോക്കി സംസ്ഥാനങ്ങളെ സഹായിക്കാൻ ബിജെപി ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുണ്ടാകും. ധനകാര്യ കമ്മീഷന്റെ ചർച്ച വരുമ്പോൾ സംസ്ഥാനങ്ങൾ ഒരുമിച്ച് തീരുമാനമെടുക്കും. കേന്ദ്രത്തിന് നൽകുന്ന നികുതിക്കനുസരിച്ച് വിഹിതം കിട്ടണമെന്ന് സംസ്ഥാനങ്ങൾ കൂട്ടായി തീരുമാനിക്കും. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങൾ അങ്ങനെ തീരുമാനമെടുത്താൽ കേന്ദ്രം എന്ത് ചെയ്യുമെന്നും തോമസ് ഐസക് ചോദിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us