തിരുവനന്തപുരം: കൊവിഡില്‍ തകര്‍ന്ന കെഎസ്ആര്‍ടിസി ഈ മാസം നേടിയത് റെക്കോര്‍ഡ് കളക്ഷനെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും കൊവിഡിന് ശേഷം സ്വന്തം വാഹന യാത്രയിലേക്ക് മാറിയവരെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരികയാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസി സര്‍വ്വീസ് റദ്ദാക്കല്‍ കുറച്ചു, പരമാവധി വാഹനങ്ങള്‍ റോഡില്‍ ഇറക്കി, മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ എന്നതടക്കമുള്ള പരിഷ്‌കാരങ്ങളാണ് വകുപ്പ് നടപ്പിലാക്കി വരുന്നത്. ഈ പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങി പതിനഞ്ച് ആഴ്ച്ചകള്‍ക്കകം വാഹനാപകടങ്ങള്‍ കുറഞ്ഞു. ഇതുവഴി കെഎസ്ആര്‍ടിസി കൊടുക്കേണ്ട നഷ്ടപരിഹാരം കുറഞ്ഞു. യാത്രക്കാരും കാല്‍നടയാത്രക്കാരും സുരക്ഷിതരെന്ന് ചിന്തയുണ്ടാക്കി. ഫോണ്‍ വിളിച്ച് ഡ്രൈവിംഗ് അനുവദിക്കില്ല. യാത്രക്കാരുടെ ജീവിതം വെച്ചു പന്താടാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുമ്പ് ഒറ്റത്തവണ ശമ്പളം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ചര്‍ച്ച അവസാനഘട്ടത്തിലാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം എല്ലാ ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി മോണിറ്റര്‍ ചെയ്യും. ചെറിയ തടസ്സങ്ങള്‍ ഉണ്ട്. അതെല്ലാം ലഘൂകരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
ഇരു ചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തില്‍ പിന്നിലെ സീറ്റില്‍ ഇരിക്കുന്നയാള്‍ സംസാരിച്ചാല്‍ പിഴ ഈടാക്കും എന്ന പ്രചാരണം മന്ത്രി തള്ളി. അങ്ങനെയാന്നും പറഞ്ഞിട്ടില്ല. തന്റെ അറിവില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.'ഒരു ആപ്പ് വരുന്നുണ്ട്. അതില്‍ വാഹന മോഡിഫിക്കേഷന്‍, ഹെല്‍മെറ്റില്ലാതെ യാത്ര, അനധികൃത പാര്‍ക്കിംഗ് അടക്കം ഏത് കുറ്റകൃത്യവും റിപ്പോര്‍ട്ട് ചെയ്യാം. ആദ്യത്തെ മൂന്ന് മാസം ട്രയല്‍റണ്‍ എന്ന നിലയ്ക്കാണ് ആപ്പ് അവതരിപ്പിക്കുന്നത്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന് അവകാശം കൊടുക്കുന്ന സിറ്റിസണ്‍ ആപ്പ് ആണ് നടപ്പില്‍ വരുത്താനൊരുങ്ങുന്നത്. ഇതിനായി മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും നടപടിയെടുക്കുക. എംവിഡി ചലാന്‍ അയച്ച് പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.