മസാലബോണ്ടിലെ ഫെമ നിയമലംഘനം; കിഫ്ബിയുടെയും തോമസ് ഐസക്കിൻ്റെയും ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളത്തില്‍ മാത്രമാണ് മസാല ബോണ്ടിലെ ഫെമ നിയമ ലംഘനത്തില്‍ അന്വേഷണമെന്നാണ് ഹൈക്കോടതിയില്‍ കിഫ്ബിയുടെ വാദം

dot image

കൊച്ചി: കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം അന്വേഷിക്കുന്ന ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കിഫ്ബിയുടെയും ഡോ. ടി എം തോമസ് ഐസകിന്റെയും ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികളില്‍ ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ബെഞ്ച് ഇന്നും വാദം കേള്‍ക്കും. കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അരവിന്ദ് ദത്താര്‍, ജയദീപ് ഗുപ്ത എന്നിവര്‍ ഹാജരാകും. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി വാദം അവതരിപ്പിക്കുന്നത്.

ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഡോ. ടി എം തോമസ് ഐസകിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നാണ് ഇ ഡിയുടെ വാദം. ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്നാണ് തോമസ് ഐസകിന്റെ നിലപാട്. കേരളത്തില്‍ മാത്രമാണ് മസാല ബോണ്ടിലെ ഫെമ നിയമ ലംഘനത്തില്‍ അന്വേഷണമെന്നാണ് ഹൈക്കോടതിയില്‍ കിഫ്ബിയുടെ വാദം. ഉന്നംവച്ചുള്ള അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ല. ഫണ്ട് ദുരുപയോഗത്തെ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ റിസര്‍വ് ബാങ്കാണ് അന്വേഷിക്കേണ്ടത്. റിസര്‍വ്വ് ബാങ്കിന് പരാതിയില്ലാത്തതിനാല്‍ ഇഡിക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് കിഫ്ബി ഹൈക്കോടതിയെ അറിയിച്ചത്.

കിഫ്ബിയിലെ ഫെമ നിയമലംഘന കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു. ചോദ്യം ചെയ്യണമെങ്കിൽ തിരഞ്ഞെടുപ്പ് കഴിയട്ടെയെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ചിൻ്റെ ഈ വിധി ചോദ്യം ചെയ്ത് ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ചിൻ്റെ ഉത്തവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. തോമസ് ഐസക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നുമായിരുന്നു ഡിവിഷൻ ബഞ്ചിൻ്റെ നിലപാട്. മസാല ബോണ്ടിലെ ഫെമ നിയമ ലംഘനത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മരവിപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത ഇഡിക്ക് ഡിവിഷൻ ബെഞ്ചിൽ തിരിച്ചടി. തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് അവസാനിക്കുമല്ലോ എന്ന് ചൂണ്ടിക്കാണിച്ച ഡിവിഷൻ ബെഞ്ച് അതിന് ശേഷം ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയമുണ്ടല്ലോ എന്ന് ഇ ഡിയോട് ചോദിച്ചു. ഇഡിയുടെ അപ്പീൽ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്ന് കാണിച്ചു നല്‍കിയ സമന്‍സാണ് കിഫ്ബിയും തോമസ് ഐസക്കും സിംഗിൾ ബെഞ്ചിൽ ചോദ്യം ചെയ്തത്. ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പ് കൈമാറിയെന്നാണ് കിഫ്ബിയുടെ വിശദീകരണം. മന്ത്രിയായിരുന്നത് മൂന്ന് വര്‍ഷം മുന്‍പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. ഫെമ നിയമലംഘനത്തില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ലെന്നും ഹര്‍ജിയിൽ പറഞ്ഞിരുന്നു. കിഫ്ബി നല്‍കിയ രേഖകളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമായിരുന്നു ഇഡിയുടെ നിലപാട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us