തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെപിസിസി ഭാരവാഹികളുടെ അടിയന്തര യോഗത്തിൽ കടുത്ത വിമർശനം. വി ഡി സതീശൻ കെപിസിസിയുടെ പ്രവർത്തനത്തിൽ കൈകടത്തുന്നുവെന്നും 'സൂപ്പർ പ്രസിഡന്റ്' ആകാൻ ശ്രമിക്കുന്നുവെന്നുമാണ് വിമർശനം. കൂടിയാലോചനകൾ നടത്തുന്നില്ലെന്നും പരാതിയുയർന്നു. വി ഡി സതീശൻ സമാന്തര പ്രവർത്തനം നടത്തുന്നതായി ഭാരവാഹികൾ ആരോപിച്ചു.
'പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണ്. അദ്ദേഹം ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവാണ് കാരണം. വയനാട്ടിലെ ചിന്തൻ ശിബിറിന്റെ ശോഭ കെടുത്തിയത് വി ഡി സതീശനാണ്', തുടങ്ങിയ ആരോപണങ്ങളാണ് നേതാക്കൾ ഉന്നയിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു കെപിസിസി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗം ചേർന്നത്.